Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒലിപ്രംകടവ് റോഡിലെ അപകടാവസ്ഥ പരിഹരിക്കണം; അടിയന്തര നടപടി ആവശ്യപ്പെട്ട് KDF നിവേദനം നൽകി.

05 Oct 2026 11:19 IST

Jithu Vijay

Share News :

വള്ളിക്കുന്ന് : അത്താണിക്കൽ–ഒലിപ്രംകടവ്–ചെട്ടിയാർമാട്–കാലിക്കറ്റ് യൂണിവേഴ്സിറ്റി PWD റോഡിൽ ഒലിപ്രംകടവ് പാലത്തിന് സമീപം നിലനിൽക്കുന്ന അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും റോഡ് വീതി കൂട്ടി ശാസ്ത്രീയമായി പുനർനിർമിക്കണമെന്നും ബസ് സ്റ്റോപ്പുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഡെവലപ്മെന്റ് ഫോറം (KDF) അധികൃതർക്ക് നിവേദനം നൽകി.


അത്താണിക്കൽ ഭാഗത്തുനിന്ന് മുണ്ടിയൻകാവ് വഴി ഒലിപ്രംകടവിലേക്ക് വരുന്ന ഒരു കിലോമീറ്ററിലധികം ഭാഗം തുടർച്ചയായ ഇറക്കമാണ്. ഒലിപ്രംകടവ് പാലത്തിന് സമീപം രണ്ട് ഭാഗത്തുനിന്നും ചരിവിലൂടെ വരുന്ന റോഡുകൾ സംഗമിക്കുന്നതും തൊട്ടടുത്തായി വിവിധ പോക്കറ്റ് റോഡുകൾ പ്രധാന റോഡിലേക്ക് ചേരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


ജൽജീവൻ മിഷൻ പ്രവൃത്തികൾക്കുശേഷം റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണെന്നും ആവശ്യമായ വീതിയില്ലെന്നും പാലത്തിലേക്കുള്ള കുത്തനെയുള്ള കയറ്റം, ഇറക്കം, വളവ് എന്നിവ വാഹനയാത്ര കൂടുതൽ അപകടകരമാക്കുന്നതായും പരാതിയിൽ പറയുന്നു. പാലത്തിന് മുമ്പുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശത്തും താഴ്ചയുള്ളതിനാൽ ചെറിയ അശ്രദ്ധ പോലും വാഹനം താഴേക്ക് പതിക്കുന്നതിന് കാരണമാകാമെന്നും ചൂണ്ടിക്കാട്ടി.


ഈ ഭാഗത്ത് ആവശ്യമായ ക്രാഷ് ബാരിയറുകളോ കൈവരികളോ അപകട മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. അടുത്തിടെ ഒരു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് കൂപ്പുകുത്തിയ സംഭവവും ഇതിനുമുമ്പ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രദേശവാസി മരിച്ച സംഭവവും നിവേദനത്തിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.


അപകടകരമായ ചരിവുകൾ ശാസ്ത്രീയമായി പരിഹരിച്ച് റോഡ് നിരപ്പാക്കുക, ലഭ്യമായ PWD സ്ഥലം പ്രയോജനപ്പെടുത്തി റോഡ് വീതി കൂട്ടുക, ഇരുവശങ്ങളിലും ശക്തമായ ക്രാഷ് ബാരിയറുകളും കൈവരികളും സ്ഥാപിക്കുക, അപകട മുന്നറിയിപ്പ് ബോർഡുകളും കോൺവെക്സ് മിററും സീബ്രാ മാർക്കിങ്ങും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.


നിലവിലുള്ള ബസ് സ്റ്റോപ്പുകൾ അപകടസാധ്യതയുള്ള സ്ഥാനത്തുനിന്ന് കുറച്ചുകൂടി സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി പുനർനിർമിക്കണമെന്നും ബസുകൾ പ്രധാന റോഡിൽ നിർത്തേണ്ട സാഹചര്യം ഒഴിവാക്കാൻ റോഡിന് പുറത്തായി പ്രത്യേകം bus bay ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അത്താണിക്കൽ ഭാഗത്തുനിന്നുള്ള ഇറക്കം അവസാനിച്ച് ഒലിപ്രംകടവിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങളുടെ വേഗം സുരക്ഷിതമായി കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയ speed-calming സംവിധാനങ്ങളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


കാഞ്ഞിരപ്പൊറ്റ, അത്താണിക്കൽ ഹെൽത്ത് സെന്റർ, പൊറാഞ്ചേരി, കോട്ടക്കടവ് ഷോർട്ട് റോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പോക്കറ്റ് റോഡുകളും ഈ ജംഗ്ഷന് സമീപത്താണ് പ്രധാന റോഡുമായി ബന്ധപ്പെടുന്നത്. അതിനാൽ റോഡും ജംഗ്ഷനും ബസ് സ്റ്റോപ്പുകളും സമഗ്രമായി പുനഃക്രമീകരിച്ചാൽ മാത്രമേ അപകടസാധ്യത സ്ഥിരമായി കുറയ്ക്കാൻ കഴിയൂവെന്ന് KDF ഭാരവാഹികൾ പറഞ്ഞു.


അത്താണിക്കൽ മുതൽ ഒലിപ്രംകടവ് വരെയുള്ള ഭാഗത്ത് സമീപകാലത്ത് റീടാറിങ് നടന്നിട്ടില്ലെന്നും റോഡിന്റെ ഇരുവശത്തും PWDയുടെ കൈവശമുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വലിയ തോതിലുള്ള സ്ഥലം ഏറ്റെടുക്കൽ ഒഴിവാക്കിക്കൊണ്ടുതന്നെ പല ഭാഗങ്ങളിലും റോഡ് വീതി വർധിപ്പിക്കാൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


ഇനി മറ്റൊരു അപകടമരണമോ വലിയ ദുരന്തമോ സംഭവിക്കുന്നതിന് മുമ്പ് റോഡ്, ബസ് സ്റ്റോപ്പ്, കൈവരികൾ, ക്രാഷ് ബാരിയറുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ശാസ്ത്രീയമായി പുനഃക്രമീകരിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് KDF ആവശ്യപ്പെട്ടു.


KDF സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ജോയിന്റ് സെക്രട്ടറി പി.പി. സുബൈർ ഷൈനി പട്ടാളത്തിൽ, ഒലിപ്രംകടവ് പ്രദേശവാസികളും ഓട്ടോ തൊഴിലാളികളുമായ സുമേഷ് മേച്ചേരി, സജീഷ് വാളശ്ശേരി, വിഭിഷ് താനാട്ട് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


PWD പരപ്പനങ്ങാടി അസിസ്റ്റന്റ് എൻജിനീയർ, PWD എക്സിക്യൂട്ടീവ് എൻജിനീയർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, മലപ്പുറം ജില്ലാ കളക്ടർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്കാണ് പരാതി നൽകിയത്.

Follow us on :

More in Related News