Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഫിർ സ്ക്രീൻഷോട്ട്: വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

29 Aug 2024 12:58 IST

Shafeek cn

Share News :

കൊച്ചി: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിര്‍ കേസ് പരിഗണിച്ചത്.


ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഇതിന്റെ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയില്‍ പോകുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചേര്‍ക്കണം എന്നുള്ള ഹര്‍ജിക്കാരന്റെ വാദം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയ കോടതി ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. കേസ് വീണ്ടും സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്റെ പേരിലുളള വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത് ഇടതു സൈബര്‍ വാട്‌സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കുറ്റാരോപിതനായ റിബേഷിനെ പിന്തുണക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ കൈക്കൊണ്ടത്. റിബേഷിന്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു പറഞ്ഞു. വടകരയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പോരാട്ടം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷൈജു.


സ്‌ക്രീന്‍ ഷോട്ട് റിബേഷ് ഫോര്‍വേഡ് ചെയ്തത് വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയില്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് റിബേഷ് ചെയ്തത്. സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കല്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡിവൈഎഫ്‌ഐ പൂര്‍ണ പിന്തുണ നല്‍കും. ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ഡിവൈഎഫ്‌ഐ തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം ഡിവൈഎഫ്‌ഐ നല്‍കും. ശക്തമായ അന്വേഷണം നടന്നാല്‍ ഇതിനെല്ലാം പിന്നില്‍ വ്യാജ പ്രസിഡന്റുമാര്‍ ആണെന്ന് തെളിയുമെന്നും രാഹുല്‍ മാങ്കൂട്ടത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.


Follow us on :

Tags:

More in Related News