Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 10:48 IST
Share News :
കൂവപ്പടി ജി. ഹരികുമാർ
തൃശൂർ: ചരിത്രപ്രസിദ്ധമായ ഊരകത്തമ്മത്തിരുവടികളുടെ തട്ടകത്തിലും ചേർപ്പ്, പെരുവനം ഗ്രാമത്തിന്റെ നാട്ടിടവഴികളിലും നാലാം ഓണനാളിലെത്തുന്ന കുമ്മാട്ടി കൂട്ടത്തിൽ. ഇക്കുറിഅനു ആചാരിയുടെ ശിവഭൂതകാലഭൈരവൻ മതിമറന്നാടും
ഏറെ വ്യത്യസ്തതകളോടെയാണ് ഊരകം അമ്പലസംഘം ഇത്തവണ കുമ്മാട്ടികളെ അവതരിപ്പിക്കുന്നത്. 18ന് വൈകിട്ട് 5ന് അമ്മത്തിരുവടി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നും അമ്പലസംഘം ദേശക്കുമ്മാട്ടികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളി തുടങ്ങുമ്പോൾ ഇത്തവണ ഏറെ ശ്രദ്ധനേടുക ഭക്തിയുടെ വേഷപ്പകർച്ചയുമായെത്തുന്ന ശിവഭൂതക്കുമ്മാട്ടിയായിരിക്കും. പതിവു കുമ്മാട്ടിരൂപങ്ങളുടെ മുഖത്തെഴുത്തിൽ നിന്നും വ്യത്യസ്തമായ ആശയത്തിൽ രൂപകല്പന ചെയ്തെടുത്തതാണ് അമ്പലസംഘത്തിന്റെ ശിവഭൂതകാലഭൈരവ മുഖരൂപം. അർജ്ജുനന് പാശുപതാസ്ത്രം നൽകി ആനന്ദതുന്ദിലനായി നൃത്തംചെയുന്ന ശിവഭഗവാന്റെ ആദികിരാതമൂർത്തീഭാവമാണ് ഈ കുമ്മാട്ടിയ്ക്ക്. ഇതാദ്യമായാണ് തൃശ്ശിവപേരൂർ സാംസ്‌കാരിക ചരിത്രപ്പെരുമയിലും, ഊരകം ദേശപ്പെരുമയിലും ശിവഭൂതക്കുമ്മാട്ടി അവതരിപ്പിക്കപ്പെടുന്നതെന്ന് അമ്പലസംഘം കുമ്മാട്ടിയുടെ സെക്രട്ടറി കെ. അനൂപ് പറഞ്ഞു. ആയുർവ്വേദത്തിലെ മഹാപഞ്ചമൂലങ്ങളിലൊന്നായറിയപ്പെടുന്ന കുമ്പിൾ അഥവാ കുമിഴ് തടിയിലാണ് കിരാതരൂപിയായ മഹാദേവരൂപത്തെ നിർമ്മിച്ചിരിക്കുന്നത് . ശിവഭൂതക്കുമ്മാട്ടിയുടെ ശില്പി മണ്ണുംപുറം അനു ആചാരിയാണ്. 7 കിലോയോളം ഭാരമുള്ള മുഖരൂപം കൊത്തിയെടുക്കാൻ രണ്ടുമാസത്തോളം വേണ്ടിവന്നതായി അനു ആചാരി പറഞ്ഞു. തടിയുടെ ഉൾഭാഗം തുരന്നെടുത്താണ് കളിക്കാരന്റെ മുഖത്തിനോട് ചേർന്നിരിയ്ക്കത്തക്ക രീതിയിലേയ്ക്ക് മാറ്റിയെടുത്തത്. മരത്തിന് പൊട്ടൽ വീഴാതെ അതീവസൂക്ഷ്മമായാണ് ഇത് ചെയ്തെടുത്തത്. ദേവകാര്യമായതിനാൽ പ്രത്യേക വ്രതാനുഷ്ടാനങ്ങളോടെ മാത്രമാണ് ഇത്തരം പണികളിൽ ഏർപ്പെടാറുള്ളൂവെന്ന് അനു ആചാരി പറഞ്ഞു. തികച്ചും സൗജന്യമായി പണിതീർത്തുനൽകിയപ്പോൾ കുമ്മാട്ടി സംഘടകസമിതി ശില്പിയ്ക്ക് ഒരു സ്വർണ്ണമോതിരമാണ് സമ്മാനമായി നൽകിയത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയ്ക്ക് പൂജാകർമ്മാനുഷ്ഠാനങ്ങൾക്കായി ഉപയോഗിയ്ക്കാനുള്ള അഭിഷേകപീഠം നിർമ്മിച്ച് ശ്രദ്ധേയനായ യുവശില്പിയാണ് ചാലക്കുടി മോതിരക്കണ്ണി മണ്ണുംപുറം പനങ്ങാട്ട് വീട്ടിൽ അനു ആചാരി. അനു ആചാരിയും ജ്യേഷ്ഠസഹോദരൻ വിനോജ് ആചാരിയും ചേർന്നു മരത്തിൽ തീർത്ത പഴയ തിരുവിതാംകൂറിന്റെ രാജമുദ്രയും കവടിയാർ കൊട്ടാരഭിത്തിയെ അലംകൃതമാക്കിയിട്ടുണ്ട്. പരമ്പരാഗത മരപ്പണിക്കാരുടെ കുടുംബത്തിൽപ്പെട്ട അനു ആചാരിയുടെ പണിപ്പുരയിൽ ചെന്നാൽ വ്യത്യസ്തമാർന്ന കൊത്തുപണിക്കാഴ്ചകളാണ് എങ്ങും. അമ്മയുടെ അച്ഛൻ അഞ്ചക്കളനാചാരിയും അച്ഛന്റെ അച്ഛൻ കുട്ടനാചാരിയും അച്ഛൻ പി.കെ. ഗംഗാധരനാചാരിയും മരപ്പണിയിൽ കർമ്മകുശലരായിരുന്നു. അഞ്ചക്കളന്റെ കരവിരുത് പുരാതനമായ കാർഷികോപകരണങ്ങളുടെ നിർമ്മിതിയിലായിരുന്നെങ്കിൽ കുട്ടനാചാരിയുടെ വിരുത് ചിരട്ടയിലും മറ്റും അതിമനോഹര ശില്പങ്ങൾ തീർക്കുന്നതിലായിരുന്നു. ഗംഗാധരനാചാരി സാധാരണ മരപ്പണികളിൽ ചടുലവേഗമുള്ളയാളായിരുന്നു. 1988 മുതൽ മോതിരക്കണിയിൽ വിശ്വകർമ്മ ഹാൻഡിക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം നടത്തിവരികയാണ് അനു ആചാരി. അമ്മിണിയാണ് അനു ആചാരിയുടെ അമ്മ. ഭാര്യ ഹരിത. കുറ്റിച്ചിറ ഹൈസ്‌കൂൾ ജംഗ്‌ഷനിൽ ട്യൂഷൻ സെന്റർ നടത്തുന്നു. ഏകമകൾ ശ്രീദുർഗ്ഗ. ഇരിങ്ങാലക്കുട ഊരകം, ചേർപ്പ്, പെരുവനം പ്രദേശങ്ങളുടെ സാംസ്കാരികഭൂമികയിൽ നടക്കുന്ന കുമ്മാട്ടി മഹോത്സവത്തിന്റെ സമാപനം നാലാം ഓണനാൾ രാത്രിയിൽ ഊരകം മൈമ്പിള്ളി ക്ഷേത്രസന്നിധിയിലാണെന്ന് സംഘാടകർ അറിയിച്ചു. സൗഹൃദമത്സരാടിസ്ഥാനത്തിൽ പ്രദേശത്തെ എട്ടോളം സംഘങ്ങളാണ് കുമ്മാട്ടിക്കളിയുടെ ഭാഗമാകുന്നത്.
Follow us on :
Tags:
More in Related News
Please select your location.