Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലത്തിനൊത്ത കുടുംബകഥ, ലളിത സുന്ദര കാഴ്ചാനുഭവമായി 'ഗെറ്റ് സെറ്റ് ബേബി', റിവ്യൂ വായിക്കാം

24 Feb 2025 21:52 IST

Adarsh R T

Share News :

ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനവുമായി 'ഗെറ്റ് സെറ്റ് ബേബി'യിൽ ഉണ്ണി മുകുന്ദൻ. മലയാളത്തിൽ നിരവധി ഡോക്ടർ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ ഡോക്ടർമാർ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന ഒരു ഡോക്ടർ വേഷവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.


കുടുംബങ്ങളുടെ പൾസറിഞ്ഞുള്ള മേക്കിങ്ങാണ് 'ഗെറ്റ് സെറ്റ് ബേബി'യുടെ പ്ലസ്. ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒരു തരിപോലും ചോരാതെ എന്നാൽ കളർഫുള്ളായി അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ. ആക്ഷനും വയലൻസും ഡബിൾ മീനിംഗ് സംഭാഷണങ്ങളും ഒട്ടും ഇല്ലാതെ പൂർണ്ണമായും ഫാമിലിക്ക് വേണ്ടി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം എന്ന് നിസ്സംശയം പറയാം.


മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒട്ടും ലാഗില്ലാതെ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട രീതിയിൽ ഏറെ പക്വമായി എന്നാൽ ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാള്‍ ഒരു മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.


ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൈഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. ടോട്ടൽ വയലൻസ് ചിത്രമായ 'മാർക്കോ'യ്ക്ക് ശേഷം ചിരിക്കുന്ന മുഖവുമായി കളിചിരികളും കുസൃതി തരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലും ഏറെ മികച്ച രീതിയിൽ ഉണ്ണിയും നിഖിലയും സ്കോർ ചെയ്തിട്ടുണ്ട്.


അതോടൊപ്പം തന്നെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ഓരോ കുടുംബങ്ങൾക്കും നെഞ്ചോടുചേർക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങളുമായി സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.


അലക്സ് ജെ പുളിക്കലിന്‍റെ കളർഫുൾ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മനോഹരമാണ്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജനറേഷൻ ഗ്യാപ്പില്ലാതെ എല്ലാ തലമുറയിൽ പെട്ടവർക്കും ആസ്വദിച്ച് കാണാനാവുന്നൊരു സമ്പൂർണ്ണ കുടുംബ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന് ഉറപ്പിച്ച് പറയാം.

Follow us on :

More in Related News