Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചങ്ങാതി പദ്ധതി: കുറവിലങ്ങാട് അവലോകന യോഗം ചേർന്നു

14 Aug 2024 17:08 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അവലോകന യോഗം ചേർന്നു.

സംസ്ഥാന സാക്ഷരതാ മിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. അസാം, ഒഡീഷ,ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളെ മൂന്നു മാസം കൊണ്ട് മലയാളം പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് മലയാളപഠനം. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്ടർമാരാണ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുക. ഒഴിവു വേളകളും ഞായറാഴ്ചകളുമാണ് പഠന ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നത്.

502 ഇതര സംസ്ഥാന തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്നത്.

തൊഴിലുടമകളുടെ സഹകരണത്തോടെയാണ് പഠന ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. ക്ലാസിൽ പങ്കെടുത്ത് മലയാളം പഠിച്ചവർക്ക് ഈ മാസം അവസാനം പരീക്ഷയുണ്ടാകും. വിജയികൾക്ക് സംസ്ഥാന സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് നൽകും. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൺസാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ടെസി സജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയ്‌സ് അലക്‌സ്, ബിജു ജോസഫ്, സാക്ഷരത മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ. സിംല, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീനാ മാത്യൂ, പദ്ധതി കോ-ഓർഡിനേറ്റർ യു.ഡി മത്തായി, ഇൻസ്ട്രക്ടർമാർ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News