Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 18:22 IST
Share News :
കോട്ടയം: മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി. ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്‌സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ ഡെലിവറി ഏജന്റു മുഖേന തിരികെ നൽകി. ഫ്‌ളിപ്കാർട്ട് കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി. ഇതേ മോഡൽ വാങ്ങാൻ മൂന്നാമതും ശ്രമം നടത്തി. അപ്പോഴും പഴയതുപോലെ തന്നെ തെറ്റായ ഉത്പന്നമാണ് ലഭിച്ചത്. ഓപ്പൺ ബോക്‌സ് ഡെലിവറി സമയത്ത് ഇക്കാര്യം മനസ്സിലാക്കി ഏജന്റ് വഴി തിരികെ നൽകി. ഇ മെയിലിൽ ഫ്‌ളിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്. തെളിവുകൾ പരിശോധിച്ച കമ്മിഷന് മൂന്നുതവണയും തെറ്റായ ഉത്പന്നമാണ് പരാതിക്കാരന് ലഭിച്ചതെന്ന് വ്യക്തമായി. തെളിവുകൾ നിഷേധിക്കാൻ കമ്മിഷനു മുൻപിൽ ഹാജരായ ഫ്‌ളിപ്കാർട്ടിന് കഴിഞ്ഞതുമില്ല.
പാക്കേജിങ്ങിലും ഡെലിവറിയിലും കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. വി. എസ്. മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ. എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിൽ നിർദ്ദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.