Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരാധകർക്ക് ആവേശമായി ‘ധോണി ആപ്പ്’ പുറത്തിറക്കി

22 Feb 2025 15:06 IST

Shafeek cn

Share News :

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഐസിസി കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച ഒരേയൊരു ക്യാപ്റ്റനുമാണ് മഹേന്ദ്ര സിങ് ധോണി. ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് വര്‍ഷങ്ങളായെങ്കിലും ധോണിയോടുള്ള ഇഷ്ടവും ആരാധനയും ഇന്നും ഒട്ടും കുറവില്ല ആരാധകര്‍ക്ക്. പ്രിയ താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്കെന്നും സന്തോഷമാണ് എന്നതും ശ്രദ്ധേയമാണ്. 


മഹേന്ദ്ര സിങ് ധോണിയുടെ സുഹൃത്തും അതിലുപരി അദ്ദേഹത്തിന്റെ കട്ട ഫാനുമായ പാലാക്കാരന്‍ സുഭാഷ് മാനുവലിന്റെ നേതൃത്വത്തില്‍ ധോണി ഫാന്‍സിനായി ഒരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡിയാണ് ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com ) വികസിപ്പിച്ചത്. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോമാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്. ധോണിയുടെ അപൂര്‍വ ചിത്രങ്ങളും വിഡിയോകളും ഇവിടെ കാണാനാകും. തന്റെ ചിത്രങ്ങളും വീഡിയോകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ധോണി ആപ്പിലാകും. ധോണി ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്കു സംവദിക്കാനും അവസരമുണ്ടാകും. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ആപ്പ് സൗജന്യമായി ഉപയോഗിക്കാനാകുമെന്ന് സിംഗിള്‍ ഐഡി സ്ഥാപകന്‍ സുഭാഷും സിഇഒ: ബിഷ് സ്‌മെയറും പറഞ്ഞു.


ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാണെന്ന് സിംഗിള്‍ ഐഡി ഡയറക്ടര്‍ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. 'കമ്പനിയില്‍ ആദ്യം ഇത്തരം ഒരു ആശയം അവതരിപ്പിച്ചപ്പോള്‍ തുടക്കത്തില്‍ പലരും യാഥാര്‍ത്ഥ്യമാക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തിച്ച് നോക്കാതെ നോ പറയേണ്ടതില്ലെന്നായിരുന്നു തന്റെ അഭിപ്രായം. ആ നിശ്ചയദാര്‍ഢ്യത്തിന്റെ പുറത്താണ് ധോണിയെ കാണുവാന്‍ ഞങ്ങള്‍ പോയതും അദ്ദേഹത്തിന്റെ മുമ്പില്‍ ഈ പ്രൊജക്ട് അവതരിപ്പിച്ചതും. പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ധോണി യേസ് പറയുകയായിരുന്നു'- സുഭാഷ് പറഞ്ഞു.


അഭിഭാഷകനായ സുഭാഷ് യു.കെയിലെ പ്രമുഖ ബിസിനസുകാരനാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. സിനിമാ,കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി ഈ രംഗത്ത് നൂതന ആശയങ്ങളിലൂടെ നവീന മാറ്റം സൃഷ്ടിക്കുകയാണ് സുഭാഷിന്റെ ലക്ഷ്യം. രാജ്യത്ത് സ്‌പോര്‍ട്‌സ്, സിനിമാ രംഗത്ത് വലിയ ബിസിനസ് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ നിരവധി സംരംഭങ്ങളും അതിലൂടെ തൊഴിലും സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.


Follow us on :

More in Related News