Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവഹരിതം പച്ചതുരുത്ത് ഒരുക്കി മാവൂർ ഗ്രാമ പഞ്ചായത്ത്

23 Jul 2024 17:52 IST

UNNICHEKKU .M

Share News :



മാവൂർ :നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ക്ഷേത്രങ്ങളോട് ചേർന്ന് ലഭ്യമായ സ്ഥലത്ത് കൃഷി, പച്ചത്തുരുത്ത് നിർമ്മാണം എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ `ദേവഹരിത`ത്തിന് മാവൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 അടുവാട് കിഴക്കുംകര കാവ് ക്ഷേത്രവളപ്പിൽ തുടക്കമായി. 3 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രപരിസരത്ത് 1 എക്കറോളം സ്ഥലത്താണ് പച്ചതുരുത്ത് ഒരുങ്ങുന്നത്. 

പച്ചത്തുരുത്ത് നിർമാണ ആരംഭം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വാസന്തി വിജയൻ മാവിൻ തൈ നട്ടുകൊണ്ട് നിർവഹിച്ചു. വാർഡ് മെമ്പർ ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ മോഹൻദാസ്, ഉമ്മർമാസ്റ്റർ, ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി രാമചന്ദ്രൻ, ട്രസ്റ്റി സെക്രട്ടറി ശിവദാസൻ, ട്രസ്റ്റി അംഗം പ്രഭാകരൻ, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ആഖിഫ്, ഓവർസീയർ ഷൈജു, ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു. മലബാർ ബോട്ടണിക്കൽ ഗാർഡനിൽ നിന്നും തൈകൾ ലഭ്യമാകുന്ന മുറക്ക് തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ വരും ദിവസങ്ങളിൽ തൈകൾ നടും. 100 തൈകൾ ആണ് ആദ്യ ഘട്ടത്തിൽ നടാനുദ്ദേശിക്കുന്നത്. 

ക്ഷേത്രം കമ്മിറ്റിയുടെ മികച്ച പിന്തുണ പദ്ധതിക്ക് ഉണ്ട്. പച്ചതുരുത്തിനോടൊപ്പം നേരത്തെ ജൈവ വൈവിധ്യ ബോർഡും ഗ്രാമപഞ്ചായത്തും ചേർന്നു മലബാർ ബോട്ടണിക്കൽ ഗാർഡന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചിരുന്നു. അതോടൊപ്പം വിവിധ വൃക്ഷങ്ങളും ക്ഷേത്ര പൂജക്ക് ആവശ്യമായ തുമ്പ, ചെറു പുഷ്പങ്ങൾ എന്നിവയും നട്ടു പരിപാലിച്ചു വരുന്നുണ്ട്. 

പഞ്ചായത്തിന്റെ സഹായത്തോടെ ഭാവിയിൽ ജൈവ വൈവിധ്യ കേന്ദ്രമായി ക്ഷേത്രത്തെ മാറ്റും. ക്ഷേത്രം ഉത്സവ സമയത്ത് അനേകം ആളുകൾ എത്തുന്ന ഇവിടം മാലിന്യ സംസ്കരണത്തിന് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കും. സോഷ്യൽ ഫോറസ്ട്രി, കൃഷി വകുപ്പ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ വിവിധ പദ്ധതികൾ വരും കാലങ്ങളിൽ നടപ്പിലാക്കും.

Follow us on :

More in Related News