Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 10:23 IST
Share News :
മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ (സി.സി.യു) യൂണിറ്റിന്റെ ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഡിസംബറിനകം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ ആശുപത്രി പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ പദ്ധതികളിലായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഡ്വ. എം റഹ്മത്തുള്ള എം.എല്‍.എ, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡോ. അനില്‍ രാജ് കെ. കെ., പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ (മുന്‍ പ്രിന്‍സിപ്പല്‍) മഞ്ചേരി നഗരസഭ ചെയര്‍മാന്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ക്രിട്ടിക്കല്‍ കയര്‍ യൂണിറ്റ് നിര്‍മിക്കുന്ന സ്ഥലത്തെ മണ്ണെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയം, ഹോസ്റ്റല്‍, വാര്‍ഡുകള്‍, ഒ.പി കൗണ്ടറുകള്‍, ഫാര്‍മസി തുടങ്ങിയവ പരിശോധിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന് ചുറ്റുമതില്‍, ലാന്‍ഡ്‌സ്‌കേപ്പ് എന്നിവ ഒരുക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി നല്‍കാനും നിര്‍ദ്ദേശം നല്‍കി. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മ്മാണം സംബന്ധിച്ച് നാളെ 2.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേരും.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും ടെക്‌നീഷ്യന്മാരുടെയും ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പഴയ ആശുപത്രി കെട്ടിടം ഇനി എത്രകാലം ഉപയോഗിക്കാന്‍ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നവീകരിക്കേണ്ടതുള്ളൂ എന്നും യോഗത്തില്‍ തീരുമാനിച്ചു. കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണം ആരംഭിച്ചതിനു ശേഷം രൂപരേഖയിലോ സൗകര്യങ്ങളിലോ മാറ്റം വരുത്തരുതെന്ന് വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡയാലിസിസ് മെഷീന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന രഹിതമായ എല്ലാ ഉപകരണങ്ങളുടെയും സ്ഥിതി പരിശോധിക്കും. റിപ്പയര്‍ ചെയ്‌തോ പാര്‍ട്‌സുകള്‍ മാറ്റിയോ ഉപയോഗിക്കാന്‍ പറ്റുന്നവ ഉപയോഗ ക്ഷമമാക്കാന്‍ ശ്രമിക്കും.
മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് 1.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബറിയല്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ നിയമിച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മെഡിക്കല്‍ കോളേജില്‍ നിലവില്‍ വിവിധ വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്ത ശേഷം ഉപയോഗിക്കാതെയുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളും മേധാവികളും യോജിച്ച് പ്രവര്‍ത്തിക്കണം. വിവിധ വകുപ്പ് മേധാവികളുടെ അനാസ്ഥയും നിസ്സഹകരണവും കാരണം മെഡിക്കല്‍ കോളേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി
പിജി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. ആരോഗ്യ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്ര പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുമെന്ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വിശ്വനാഥന്‍ പരഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ സര്‍ക്കാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് എംഎല്‍എ അഡ്വക്കേറ്റ് എം റഹ്മത്തുള്ള അറിയിച്ചു. നഴ്‌സിംഗ് കോളേജിനായി കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മാണം സാധ്യമാണോ എന്ന് പരിശോധിച്ചു ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജോലിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്ത ഡോക്ടര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും. രോഗികളുടെ വിവരങ്ങളും ചികിത്സ സംബന്ധിച്ച് വിവരങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തില്‍ കൃത്യമായി രേഖപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. യഥാസമയം ഫണ്ടുകള്‍ ചെലവഴിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും പരിഗണിക്കും.
മെഡിക്കല്‍ കോളേജ് വികസനത്തിനായി 2.8107 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി 50 ലക്ഷം എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ ഭൂമി ഏറ്റെടുക്കും. മെഡിക്കല്‍ കോളേജില്‍ 10.10 കോടി രൂപ ചെലവില്‍ എം ആര്‍ ഐ മെഷിന്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മെഷിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടില്ല. ഇതു സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ മജീദ് കെ, വൈസ് പ്രിന്‍സിപ്പല്‍, ഡോ. ഷീന പി. എസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. എ. ഹാഫിസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബൂബക്കര്‍, ഗവ. മെഡിക്കല്‍ കോളേജ്, മഞ്ചേരി) ഡോ. സുധ കിഴക്കേപ്പാട്ട്, പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് കോളേജ്, മഞ്ചേരി, റഷീദ് ബാബു. പി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡോ. സെറീന ആര്‍.എം.ഒ, ശ്യാം ടി. കെ., സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മിനി സി. കെ, അക്കൗണ്ട്‌സ് ഓഫീസര്‍, വിവിധവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.