Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 20:13 IST
Share News :
മാളഃ മാള കെ എസ് ആര്‍ ടി സിയിലെ ഓര്‍ഡിനറി സര്‍വ്വീസുകളില്‍ കുറേയേറെ വെട്ടിക്കുറച്ച് യാത്രക്കാരെ പെരുവഴിയിലാക്കുന്നതായി പരാതി. കോവിഡിന് മുന്‍പ് 58 സര്‍വ്വീസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 27 സര്‍വ്വീസുകള്‍ മാത്രമാണുള്ളത്. നിരവധി ട്രിപ്പുകളോടുന്ന മാള-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇപ്പോള്‍ വളരെ കുറച്ച് സര്‍വ്വീസുകള്‍ മാത്രമാണയക്കുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ ബസ്സുകള്‍ക്ക് ചാകരമായാണിപ്പോള്‍. മാള-ആലുവ, മാള-തൃശ്ശൂര്‍ തുടങ്ങിയ റൂട്ടുകളിലും സമാനമായ അവസ്ഥയാണ്. ഗ്രാമീണ ഡിപ്പോയായ ഇവിടെ നിന്നും ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റും സ്വിഫ്റ്റുമാണോടുന്നതത്രേ.ആകെയുള്ള 27 ഷെഡ്യൂളുകളില്‍ ആലുവയിൽ നിന്നും മാളയിൽ നിന്നും എരവത്തൂർ വഴിക്കുള്ള സർവ്വീസുകൾ നാമമാത്രമാക്കി മാള കെ എസ് ആർ ടി സി യാത്രക്കാരെ വലക്കുന്നുമുണ്ട്. പതിറ്റാണ്ടുകളോളം വളരെ നന്നായി ഓടിയിരുന്ന ബസ്സുകൾ ഓടിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ബന്ധപ്പെട്ട അധികൃതർ. 14 ഓര്‍ഡിനറി, അഞ്ച് ഫാസ്റ്റ്, മൂന്ന് സൂപ്പര്‍ ഫാസ്റ്റ്, കൂടാതെ സ്വിഫ്റ്റ് എന്നിങ്ങനെയായി 27 സര്‍വ്വീസുകള്‍ ഓടിക്കുന്നിടത്ത് വെറും മൂന്ന് ട്രിപ്പുകള്‍ മാത്രമാണ് എരവത്തൂര്‍ വഴിക്ക് ഓടിക്കുന്നതത്രേ. അതേസമയം ആലുവക്കുള്ള മറ്റൊരു റൂട്ടായ മേലഡൂര്‍ വഴിക്ക് 22 ട്രിപ്പുകളാണ് ഓടിക്കുന്നത്. ഇത്രയും ഓര്‍ഡിനറി കൂടാതെ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഇതേവഴിക്ക് തന്നെയാണ് തിരുവനന്തപുരത്തേക്കും മറ്റും പോകുന്നത്. രാവിലെ 7.35 ന് ഒരു സര്‍വ്വീസ് എരവത്തൂര്‍ വഴിആലുവക്ക് പോയാല്‍ പിന്നെ അടുത്ത ദിവസം ഇതേസമയത്ത് മാത്രമാണ് ആലുവക്കുള്ള ബസ്സുള്ളത് എന്നാണ് നാട്ടുകാർ പരാതിയിൽ പറയുന്നത്. ആലുവയില്‍ നിന്നും രാവിലെ 8.25 നും വൈകീട്ട് 5.35 നും മാത്രമാണ് എരവത്തൂര്‍ വഴിക്ക് സര്‍വ്വീസുകള്‍ ഉള്ളത്. അതേസമയം മേലഡൂര്‍ വഴിക്കാണെങ്കില്‍ രാവിലെ 6.30, 7.00, 8.15, 9.15, 10.10, ഉച്ചക്ക് 1.05, 2.00, 3.00, 3.50, വൈകീട്ട് 4.15, 5.10 എന്നിങ്ങനെ ആലുവക്കും രാവിലെ 7.50, 8.55, 9.45, 10.45, 11.40, ഉച്ചക്ക് 12.20, 2.45, 3.30 വൈകീട്ട് 4.30, 5.15, 6.30 എന്നിങ്ങനേയുമാണ് സര്‍വ്വീസുകള്‍ ഉള്ളത്. കൂടാതെ രാത്രി വൈകി വരെ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഓടിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് മാള കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് വിളിച്ചു ചോദിക്കുന്നവരോട് ബസ്സുകള്‍ കുറവായതിനാലും ജീവനക്കാരും സ്പെയര്‍ പാര്‍ട്ട്സുമില്ലാത്തതിനാലുമാണ് എരവത്തൂര്‍ വഴിക്കുള്ള സര്‍വ്വീസുകള്‍ ഓടിക്കാത്തതെന്നാണ് മറുപടി പറയുന്നത്. സ്പെയർ പാർട്ട്സില്ലാത്തതിനാൽ നിരവധി ബസ്സുകൾ കട്ടപ്പുറത്താണെന്നുമടക്കമുള്ള ന്യായീകരണമാണ് പരാതിയുന്നയിക്കുന്നവരോട് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുമുള്ളത്. ഏതാനും സ്വകാര്യ ബസ്സുകൾക്കാണിതിലൂടെ നേട്ടമുണ്ടാകുന്നത്. കെ എസ് ആർ ടി സി സർവ്വീസുകളെ നഷ്ടത്തിലാക്കാനായി കെ എസ് ആർ ടി സിയുടെ സമയങ്ങളിൽ ഓടുന്ന സ്വകാര്യ ബസ്സിന് വേണ്ടിയാണ് എരവത്തൂർ വഴി ബസ്സുകള്‍ ഓടിക്കാത്തത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം . ഈ ബസ്സുകാരുടെ പക്കൽ നിന്നും പണവും മറ്റും വാങ്ങിയാണിത് ഓടിക്കാതിരിക്കുന്നത് എന്നാണ് ജനസംസാരം. ഇതുമൂലം ആലുവ, എറണാകുളം, അങ്കമാലി തുടങ്ങിയേടങ്ങളില്‍ ജോലിക്ക് പോകുന്നതും തിരികെ വരുന്നതുമായ സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. ജോലിക്ക് പോയി കിട്ടുന്ന പണത്തില്‍ നല്ലൊരു ഭാഗം യാത്രക്കായി ചെലവഴിക്കേണ്ടതായി വരുന്നു. മാളയിലും കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി തുടങ്ങിയേടങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്കും സമാനമായ അവസ്ഥയാണ്. തെക്ക് ഭാഗത്തേക്ക് പോകുന്നവര്‍ പാറക്കടവ്, കുറുമശ്ശേരി എന്നിവിടങ്ങളില്‍ ഇറങ്ങി ഓട്ടോറിക്ഷ വിളിക്കുന്നതിലൂടെ 200 രൂപ വരെയും അതിലധികവും വരെയാണ് ചെലവാകുന്നത്. വടക്കോട്ടടക്കം പോകുന്നവര്‍ വലിയപറമ്പ്, കുഴൂര്‍ തുടങ്ങിയേടങ്ങളില്‍ ഇറങ്ങി ഓട്ടോറിക്ഷക്ക് ഇതേപോലെ തന്നെ വന്‍തുക ചെലവാകുന്നു. തുച്ചമായ തുകക്ക് എത്താവുന്നിടത്തേക്കാണ് വന്‍തുക ചെലവഴിക്കേണ്ടി വരുന്നത്. ഇതല്ലെങ്കില്‍ അഞ്ചും എട്ടും കിലോമീറ്ററുകള്‍ നടക്കണം. ആലുവയിലും അത്താണിയിലും മാളയിലും വലിയപറമ്പിലും മറ്റും എരവത്തൂര്‍ വഴിക്കുള്ള ബസ്സുകള്‍ കാത്ത് നില്‍ക്കുന്നവരുടെ മുന്നിലൂടെ മേലഡൂര്‍ വഴിക്കുള്ള ബസ്സുകള്‍ കടന്നു പോകുകയാണ്. വലിയപറമ്പിനും പാറക്കടവിനും ഇടയിലല്ലാത്തവര്‍ക്ക് എരവത്തൂര്‍ വഴിക്ക് യാത്ര ചെയ്യാനാണ് താല്‍പ്പര്യം കാണിക്കുന്നത്. മേലഡൂര്‍ വഴിയേക്കാള്‍ ദൂരക്കുറവും സമയലാഭവും ധനലാഭവുമാണിതിന് കാരണം. എരവത്തൂര്‍ വഴിക്ക് 30 കിലോമീറ്ററും മേലഡൂര്‍ വഴിക്ക് 33 കിലോമീറ്ററുമാണ് ആലുവക്കുള്ള ദൂരം. തന്നെയല്ല അന്നമനട ബസ്സ് സ്റ്റാന്‍റില്‍ കുറച്ച് സമയം കിടന്നാണ് മേലഡൂര്‍ വഴിക്കുള്ള ബസ്സുകള്‍ പോകുന്നത്. വിദ്യാര്‍ത്ഥികളും വളരെയേറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. കുഴൂര്‍, ഐരാണിക്കുളം, കുറുമശ്ശേരി ചൂണ്ടാന്‍തുരുത്തി തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് എത്താനും തിരികെ എത്താനുമായി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം കുറച്ചൊന്നുമല്ല. 1984 ൽ ഡിപ്പോ ആരംഭിച്ച കാലം മുതലുള്ള സർവ്വീസുകളാണ് ഓരോന്നോരോന്നായി ഇല്ലാതാക്കുന്നത്. 58 ഷെഡ്യൂളുകളുണ്ടായിരുന്ന മാള കെ എസ് ആർ ടി സിയിൽ 41 ഷെഡ്യൂളുകളാകുകയും കോവിഡ് മഹാമാരി കാലത്ത് 22 ആയി ചുരുങ്ങുകയുമായിരുന്നു. എരവത്തൂർ റൂട്ടിനോട് മാള കെ എസ് ആർ ടി സി അധികൃതർക്ക് എന്നും ചിറ്റമ്മ നയമാണെന്നാണ് നാട്ടുകാരുടെ പരാതി. ഉന്നതാധികൃതർ ഇടപെട്ട് ഇക്കാര്യത്തിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. അതേസമയം കൊടുങ്ങല്ലൂര്‍ നിന്നും കൃഷ്ണന്‍കോട്ട, പൂപ്പത്തി, എരവത്തൂര്‍ വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്‍റെ പണി കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷമായിട്ടും ഇതുവഴി ബസ്സുകളോടിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
Follow us on :
Tags:
More in Related News
Please select your location.