Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ ചൊക്ലിയിൽ ലീഗ് വനിത സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

10 Dec 2025 07:47 IST

NewsDelivery

Share News :

തലശ്ശേരി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാഞ്ഞിരത്തിന്‍കീഴിലെ മുസ്ലിം ലീഗ് പ്രതിനിധി ടി.പി. അര്‍വയെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 6 മുതല്‍ കാണാതായത്. തങ്ങളുടെ സ്ഥാനാര്‍ഥിയെ സി.പി.എം. തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു..


നാമനിര്‍ദേശ പത്രികാസമര്‍പ്പണം മുതല്‍ വാര്‍ഡില്‍ സജീവമായി പ്രചാരണം നടത്തിയിരുന്ന അര്‍വയെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ല. സ്ഥാനാര്‍ഥിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡാണിത്.


നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതു മുതല്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ സി.പി.എം പല കുതന്ത്രങ്ങളും പ്രയോഗിച്ചതായി ലീഗ് നേതൃത്വം ആരോപിക്കുന്നു. 'ഇപ്പോള്‍ ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിയെ അവര്‍ ഹൈജാക്ക് ചെയ്തതാണ്,' മുസ്ലിം ലീഗ് ചൊക്ലി പഞ്ചായത്ത് സെക്രട്ടറി പി.കെ. റഫീഖ് പ്രതികരിച്ചു.


മകളെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി കാണിച്ച് അര്‍വയുടെ മാതാവ് ചൊക്ലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടുദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.എം. പ്രവര്‍ത്തകരുടെ തടങ്കലിലാണെന്ന് സംശയം തോന്നിയതെന്ന് പരാതിയില്‍ പറയുന്നു.


അതേസമയം, സ്ഥാനാര്‍ഥിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് അര്‍വയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Follow us on :

More in Related News