Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ വാർഡ് 14 ലെ തോട് സംരക്ഷണ ഭിത്തി തകർച്ച – ഗുണമേന്മയില്ലാത്ത നിർമ്മാണം കാരണമെന്ന് ബ്ലോക്ക് പഞ്ചായത്ത്

08 Oct 2025 19:36 IST

Jithu Vijay

Share News :

കോട്ടക്കൽ : പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ വാർഡ് 14-ൽ നിർമിച്ച തോട് സംരക്ഷണ ഭിത്തി ഭാഗികമായി തകർന്ന സംഭവവുമായി ബന്ധപ്പെട്ട് വിവരാവകാശ കൂട്ടായ്മ നൽകിയ പരാതിക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള മറുപടിയിൽ നിർമാണത്തിലെ ഗുണമേന്മാ കുറവാണ് തകർച്ചയ്ക്ക് പ്രധാന കാരണം എന്ന് വ്യക്തമാക്കുന്നു.


മറുപടിയിൽ പറയുന്നതനുസരിച്ച്, ഭിത്തി പണിയുമ്പോൾ ആവശ്യമായ വലിപ്പമുള്ള വലിയ കല്ലുകൾ ഉപയോഗിക്കേണ്ടതിന്റെ പകരം ചെറുകല്ലുകൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതാണ് തോട് സംരക്ഷണ ഭിത്തി മഴക്കാലത്ത് ജലസമ്മർദ്ദം സഹിക്കാതെ തകർന്നതിലേക്ക് നയിച്ചത്.


സാധാരണയായി തോട് സംരക്ഷണ ഭിത്തികൾ വലിയ കല്ലുകൾ, സാമഗ്രികൾ, ആവശ്യമായ സിമന്റ് മിശ്രിതം എന്നിവ ചേർത്താണ് നിർമിക്കേണ്ടത്. എന്നാൽ, ഈ പദ്ധതിയിൽ അടിസ്ഥാന ഘടകങ്ങൾ പോലും പാലിക്കാതെയാണ് പണി പൂർത്തിയാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ വ്യക്തമായിരിക്കുന്നു.


പെരുമണ്ണ ക്ലാരിയിലെ വിവരാവകാശ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം നടത്തിയത്. ഈ മറുപടി വഴി കരാർ പ്രകാരമുള്ള ഗുണമേന്മ ഉറപ്പാക്കാതെ പണി പൂർത്തിയാക്കിയതും, ഉത്തരവാദിത്തക്കാർക്കെതിരെ നടപടികൾ ആവശ്യമാണെന്നും വ്യക്തമായി തെളിയുന്നു.


വിവരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത് തകർന്ന ഭാഗം പുനർനിർമ്മിക്കുന്നതിൽ ഗുണമേന്മ കർശനമായി പാലിക്കുകയും, നിർമാണത്തിലെ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാര്ക്കും എതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു.

Follow us on :

More in Related News