Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമീബിക്ക് മസ്തിഷ്ക ജ്വരബാധ: പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ

17 May 2024 10:56 IST

Jithu Vijay

Share News :


മലപ്പുറം : അമീബിക്ക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.രേണുക അറിയിച്ചു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡണ്ട് ചെയർപേഴ്സണും മെഡിക്കൽ ഓഫീസർ കൺവീനറുമായി RRT (Rapid Response Team) രൂപീകരിച്ചു.  


ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ മാസ്റ്ററുടെ നേതൃത്വത്തിൽ 18-ാം വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജെ.എച്ച്.ഐമാർ ജെ.പി.എച്ച്.എൻ ആശാപ്രവർത്തകർ എന്നിവർ 8 ടീമുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും 88 കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. പനിനിരീക്ഷണമടക്കമുള്ള സർവൈലനൻസ് പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. 


പ്രദേശത്തെ വീടുകളിൽ നിന്നും 5 പേർ മൂന്നിയൂർ  കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കെത്തി. ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ ഒന്നുമില്ല. അവരെല്ലാം ആരോഗ്യ പ്രവർത്തകരുടേയും ആശാ പ്രവർത്തകരുടേയും കർശന നിരീക്ഷണത്തിലാണ്. 


രോഗബാധയുണ്ടായെന്നു കരുതുന്ന പാറക്കൽ കടവിൽ നിന്നും ജല സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു.

കെട്ടിക്കിടക്കുന്ന വെള്ളത്തിലും പുഴയിലും മലിന ജലാശയങ്ങളിലും യാതൊരു കാരണവശാലും ഇറങ്ങുകയോ, അവയിലെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ചെയ്യാൻ പാടില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


ജില്ലയിലെ എല്ലാ നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകുന്നതിനും ആയത് ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജോയിൻ ഡയറക്ടർ മുഖാന്തരം അറിയിപ്പ് നൽകിയതായും  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Follow us on :

Tags:

More in Related News