Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 18:03 IST
Share News :
കൊച്ചി : കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി
2000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചത്. കിഫ്‌ബി, പ്ലാൻ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് അടിസ്ഥാന സൗകര്യരംഗത്ത് നടപ്പിലാക്കിയത്.
കേരള, എം ജി സർവകലാശാലകളിൽ ഒരുക്കിയ ലാബ് കോംപ്ലക്സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങൾ ആയി മാറിയിരിക്കുകയാണ്. കുസാറ്റിലെ ലാബ് സൗകര്യങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 250 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ ചെലവഴിച്ചത്.
നിലവിൽ 13 ലക്ഷത്തോളം വിദ്യാർഥികളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നത്. ദേശീയവും അന്തർദേശീയവുമായ നിലവാര പരിശോധനകളിൽ മികച്ച സ്ഥാനങ്ങളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കരസ്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികളും വിദേശത്തേക്ക് പോകുന്നുവെന്ന പ്രചാരണം ശരിയല്ല. ആഗോളവൽക്കരണത്തിന്റെ ഭാഗമായി അതിർത്തിരേഖകൾ അപ്രത്യക്ഷമാകുന്ന കാലമാണിത്. വിദേശ വിദ്യാഭ്യാസം മുമ്പത്തേക്കാൾ എളുപ്പത്തിൽ സാധ്യമാകുന്നു.വിദേശ വിദ്യാഭ്യാസം കേരളത്തിൽ മാത്രമുള്ള പ്രവണതയല്ല. ആകെ ഇന്ത്യയിൽ നിന്ന് പുറത്ത് വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ കണക്കെടുത്താൽ വെറും നാല് ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ.
കുട്ടികൾ പുറത്തുപോയി പഠനം നടത്തരുത് എന്ന് പറയാനല്ല മറിച്ച് അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നൽകുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചു വരുന്നത്.
പുതിയതായി അവതരിപ്പിച്ച നാലുവർഷ ബിരുദ പ്രോഗ്രാമിനോട് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒരു സെമസ്റ്റർ ആണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. പുതിയൊരു രീതി അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പൊതുവെ ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് പഠനം സുഖമാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് തന്നെയാണ് സർക്കാർ തീരുമാനം. സർക്കാർ കോളേജുകളിൽ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതൽ മെച്ചപ്പെട്ട ക്രമീകരണം ഏർപ്പെടുത്തുന്നതായും ഡോ. ബിന്ദു വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.