Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലാസ്റ്റ് ഗീയറില്‍ 'എട്ട്' ചാടി 51 പേര്‍; ടൂവിലര്‍ ടെസ്റ്റിന് ഇനി മുതല്‍ കാല്‍പാദം

31 Jul 2024 13:32 IST

Enlight News Desk

Share News :

കാക്കനാട്: 'ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സ് 'എം 80' കിട്ടിയാല്‍ രക്ഷപ്പെട്ടു. കമ്പികള്‍ക്ക് ഇടയിലൂടെ 'എട്ട്' കടമ്പ ഒരുവിധം തിരിഞ്ഞ് കിട്ടും. എന്നാല്‍ ഈ സ്ഥാനത്ത് 95 സി.സി.ക്ക് മുകളിലെ ബൈക്കാണെങ്കില്‍ ക്ഷ, ണ്ണ എന്നിവയൊക്കെ വരച്ചത് തന്നെ''.  

എറണാകുളം ആര്‍.ടി. ഓഫീസിന് കീഴിലുള്ള കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാവിലെ ഇരുചക്ര വാഹന ടെസ്റ്റിന് എത്തിയവരുടെ ആശങ്ക നിറഞ്ഞ വാക്കുകളായിരുന്നു ഇത്. പുതിയ മോട്ടോര്‍ വാഹന ചട്ടങ്ങളനുസരിച്ച് ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ 'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' വിഭാഗത്തിലെ ലൈസന്‍സ് ടെസ്റ്റിന് കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം വേണം. കൂടാതെ എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണം. ചൊവ്വാഴ്ച വരെ ഡ്രൈവിങ് സ്‌കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം 80 പുറത്താകും. പകരം ഇരുചക്ര വാഹന ടെസ്റ്റിന് ബൈക്കുകളാണ് ഉപയോഗിക്കുക. എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം 80 വാഹനത്തില്‍ പത്തു പരിശീലന ക്ലാസൊക്കെ കിട്ടിയാൽ തന്നെ എട്ട് കമ്പികള്‍ ചുറ്റി വരുന്നവര്‍ ബൈക്കിലാണെങ്കില്‍ 15 മുതല്‍ 25 വരെ ക്ലാസുകളില്‍ കഠിന പരിശീലനം തന്നെ നടത്തേണ്ടി വരുമെന്നാണ് ഡ്രൈവിങ് സ്‌കൂളുകാരും പറയുന്നത്. ഇതോടെ ടൂവിലർ പാസ്സാകുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങും.  

ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്ര വാഹന ടെസ്റ്റില്‍ 80 പേരിൽ 51 പേര്‍ വിജയിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് പറഞ്ഞു. എം 80 ഉപയോഗിച്ചുള്ള അവസാനത്തെ ടെസ്റ്റായതിനാല്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ഇരുചക്ര വാഹനങ്ങള്‍ പൂമാലയിട്ടും അലങ്കരിച്ചുമൊക്കെയാണ് എട്ടെടുക്കാന്‍ കൊണ്ടുവന്നത്. ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള പഴയ കാലത്തെ എം80യുടെ 20 ഓളം വാഹനങ്ങളിലാണ് പതിനായിരക്കണക്കിന് പേര്‍ ടൂവിലർ ലൈസന്‍സ് എറണാകുളത്ത് നിന്ന് സ്വന്തമാക്കിയിരുന്നത്. ഇവരൊക്കെ റോഡില്‍ ഓടിക്കുന്നതു കാലു കൊണ്ടു ഗിയര്‍ മാറ്റുന്ന വാഹനങ്ങളുമാണ്.

Follow us on :

More in Related News