Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് മുതൽ 40 ടീമുകൾ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തും :മന്ത്രി കെ.രാജൻ

02 Aug 2024 09:02 IST

Preyesh kumar

Share News :

കൽപ്പറ്റ:മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 

ഇന്ന് മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ 

വാർത്താസമ്മേളനത്തിൽ അറിയിച്ചു. 


അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും 

പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. 


പട്ടാളം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള 

സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക.  

ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.  


ഇതിന് പുറമെ വെള്ളിയാഴ്ച മുതൽ 

ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന്

രീതിയിൽ തെരച്ചിലും തുടങ്ങും. 

40 കിലോമീറ്ററിൽ ചാലിയാറിന്റെ 

പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്ന് തെരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും. 

25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും. 


മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ 

ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു. 

നിലവിൽ 6 നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും നാലു കാഡാവർ നായകൾ കൂടി വയനാട്ടിലേക്ക്

പുറപ്പെട്ടിട്ടുണ്ട്.  തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീൻ എന്നിവ ലഭ്യമാക്കും.


വാർത്താസമ്മേളനത്തിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പങ്കെടുത്തു. 



Follow us on :

Tags:

More in Related News