Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ ദിനാചരണം: സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍

24 Feb 2025 19:11 IST

Jithu Vijay

Share News :

എറണാകുളം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കുന്ന സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. കെ. ഓമനക്കുട്ടി ടീച്ചര്‍, അണ്ടര്‍ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം വി.ജെ ജോഷിത എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിന് മാതൃകയായി മാറിയ ഒന്‍പത് വനിതകളാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


കാന്‍സര്‍ അതിജീവിതയും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായ പൂജപ്പുര വനിതകളുടെ തുറന്ന ജയില്‍ സൂപ്രണ്ട് സോഫിയ ബീവി, 2022-ല്‍ പത്മശ്രീ അവാര്‍ഡ് ലഭിച്ച സാക്ഷരതാ പ്രവര്‍ത്തകയായ മലപ്പുറം സ്വദേശിനി കെ.വി. റാബിയ, 1986 മുതല്‍ 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കായി തൃശൂര്‍ കാര്യാട്ടുകരയില്‍ അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡിക്യാപ്ഡ് അഡള്‍ട്ട്സ് എന്ന സ്ഥാപനം നടത്തിവരുന്ന പ്രൊഫ. പി. ഭാനുമതി, ഇടുക്കി ജില്ലയില്‍ അന്ന്യം നിന്നുപോയ കിഴങ്ങുവര്‍ഗങ്ങളുടെ പരിരക്ഷകയായ 85 വയസുള്ള കര്‍ഷക ലക്ഷ്മി ഊഞ്ഞാംപാറകുടി, ചെങ്കല്‍ചൂളയിലെ ഹരിതകര്‍മ്മ സേനാംഗമായ സാഹിത്യകാരി ധനൂജ കുമാരി, കരിവെള്ളൂര്‍ സ്വദേശിയും മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതയുമായ സാഹിത്യകാരി സതി കൊടക്കാട്, ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിനായി മരംവെട്ട് ഉപജീവനമാര്‍ഗമാക്കിയ പാലക്കാട് സ്വദേശി എസ്. സുഹദ എന്നിവരാണ് പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മറ്റുള്ളവര്‍. 10000 രൂപയും പ്രശസ്തി പത്രങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം.


തോടൊപ്പം മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി വൈ.ബി ബീന എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News