Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 17:20 IST
Share News :
കൊല്ലം: ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുവദിച്ചതോടെ സമ്പൂർണ തുറമുഖമായി കൊല്ലം മാറി. രാജ്യാന്തര കപ്പലുകൾ ഉൾപ്പെടെ എത്താൻ കഴിയുന്ന സമ്പൂർണ തുറമുഖമായി കൊല്ലം മാറി. യാത്രാക്കപ്പലുകളും വിനോദ സഞ്ചാരികളുമായി എത്തുന്ന കപ്പലുകൾക്കും തുറമുഖത്ത് നങ്കൂരമിടാൻ കഴിയും. വിദേശ കപ്പലുകളിൽ ജീവനക്കാർ മാറിക്കയറുന്ന ക്രൂ ചെയ്ഞ്ച് സംവിധാനവും കൊല്ലത്ത് അനായാസം നടക്കും. കൂടുതൽ കപ്പലുകൾ ഇനി കൊല്ലത്ത് എത്തുമെന്നാണ് പ്രതീക്ഷ. കൊല്ലം തുറമുഖത്ത് പോർട്ട് ക്ലിയറൻസ് , കസ്റ്റംസ് ക്ലിയറൻസ് സംവിധാനങ്ങൾ വർഷങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു.
ഇമിഗ്രേഷൻ അനുമതിയിലൂടെ തുറമുഖത്തിന് തുറന്നു കിട്ടുന്നത് വലിയ വികസന സാധ്യതയാണ്. വിദേശ കപ്പലുകൾ എത്തിയാൽ അനുമതി നൽകേണ്ടത് ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) ആണ്.കൊല്ലത്ത് എഫ്ആർആർഒ ഇല്ലാത്തതിനാൽ പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തിയാണ് അനുമതി നൽകുന്നത്. ഇതിന് കാലതാമസം നേരിടും. ദിവസങ്ങൾ കാത്തുകിടക്കുന്നതിലൂടെ കപ്പലുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇമിഗ്രേഷൻ അനുമതി ലഭിച്ചതോടെ കാലതാമസം ഒഴിവാക്കി ഓഫിസിനു നേരിട്ടു കാര്യങ്ങൾ ചെയ്യാനാകും.
അന്താരാഷ്ട്ര കപ്പൽ ചാനലിനു സമീപമുള്ള തുറമുഖത്ത് ഇമിഗ്രേഷൻ ചെക്പോസ്റ്റ് ആരംഭിക്കുന്നതോടെ കൂടുതൽ വിദേശ കപ്പലുകൾ നങ്കൂരമിടുന്നതിനായി ഇവിടേക്കെത്തുമെന്നാണ് കരുതുന്നത്. കൊല്ലത്തുനിന്ന് യാത്രാക്കപ്പലുകളുടെ സർവീസ് ആരംഭിക്കുന്നതിനും ചെക്പോസ്റ്റ് ഗുണപ്രദമാകും.
ഇമിഗ്രേഷൻ ചെക്ക് പോയിന്റായി കൊല്ലം തുറമുഖത്തിന് അനുമതി ലഭിക്കുന്നത് ടൂറിസവുമായി ബന്ധപ്പെട്ട് കൊല്ലത്തിന് വൻ വികസനസാധ്യതകളാണ് തുറന്നുതരുന്നത്. കൊല്ലത്തിന്റെ മനോഹരമായ കാഴ്ചകളും വിഭവങ്ങളും ലോകത്തിനുമുന്നിൽ തുറന്നുവയ്ക്കാനുള്ള വലിയ അവസരം. വിദേശരാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് തുറമുഖംവഴി നേരിട്ട് കൊല്ലത്തെത്താൻ കഴിയും. ആഡംബരക്കപ്പലുകൾ അടക്കമുളള ടൂറിസ്റ്റ് കപ്പലുകൾക്ക് ഇവിടെ യാത്രക്കാരെ ഇറക്കാൻ കഴിയും.
വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊല്ലത്ത് ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനും ടൂർ പാക്കേജുകൾ ആസൂത്രണം ചെയ്യാനും കഴിയും. ലോകം കാണാൻ ഇറങ്ങുന്ന ടൂറിസ്റ്റ് കപ്പലുകളുടെ സഞ്ചാരപഥത്തിൽ ഒരു കേന്ദ്രമായി കൊല്ലവും മാറുന്നതിനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഇമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ ഇതുവരെ യാത്രാകപ്പലുകൾക്ക് ഇവിടെ അടുക്കാൻ സാധിക്കുമായിരുന്നില്ല.
തുറമുഖത്തിന്റെ വരുമാനത്തിലും ഗണ്യമായ തോതിലുള്ള വർധനയുണ്ടാകും. ദീർഘയാത്രയ്ക്കിടെ കപ്പലുകൾക്ക് ജോലിക്കാരെ മാറ്റുന്നതിനുവേണ്ടി ഇവിടെ അടുപ്പിക്കാനാകും.
അറ്റകുറ്റപ്പണികൾക്കുവേണ്ടിയും കപ്പലുകൾ എത്തും. വിഴിഞ്ഞത്തെ പ്രധാന തുറമുഖം വരുന്നതോടെ അതിന്റെ അനുബന്ധ തുറമുഖം എന്നനിലയിലും വലിയ വികസനസാധ്യതകളാണ് ഉള്ളത്. പ്രത്യേകിച്ച് വിഴിഞ്ഞത്തെക്കാൾ നിരക്കുകൾ കുറവായതിനാൽ ഇവിടേക്ക് കപ്പലുകൾ വരാനുള്ള സാധ്യത വർധിക്കും. കണ്ടെയ്‌നറുകൾ കൈകാര്യംചെയ്യാനുള്ള അവസരവും ലഭിക്കും. കപ്പലുകളിലേക്ക് വേണ്ട സാധനങ്ങൾ, ഇന്ധനം തുടങ്ങിയവ നൽകുന്നതിന് ഇവിടെ സൗകര്യമൊരുക്കാം. കൊല്ലത്തിനടുത്ത് കടലിൽ എണ്ണനിക്ഷേപം കണ്ടെത്തിയതിനെത്തുടർന്നുള്ള പര്യവേക്ഷണം ആരംഭിക്കുന്നതോടെ തുറമുഖത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തുറമുഖം മുഖേനയായിരിക്കും.
Follow us on :
More in Related News
Please select your location.