Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ ഡാമുകള്‍ തുറന്നതിനാല്‍ നദികളില്‍ ജലനിരപ്പുയരും; തൃശൂരില്‍ 3980 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

31 Jul 2024 13:03 IST

Shafeek cn

Share News :

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 3980 പേര്‍. 1292 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. പീച്ചി, വാഴാനി, പത്താഴക്കുണ്ട്, അസുരന്‍ക്കുണ്ട്, പൂമല എന്നീ ഡാമുകള്‍ തുറന്നിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത് നിലവില്‍ ഒരു സ്ലൂയിസ് ഗേററ്റ് മാത്രമേ തുറന്നിട്ടുള്ളൂ. മഴ കുറഞ്ഞതിനാല്‍ തൂണക്കടവ് ഡാം നിലവില്‍ അടച്ചിരിക്കുകയാണ്. മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയേക്കാള്‍ കൂടുതലാണ്. കരുവന്നൂര്‍ പുഴയുടെ മുന്നറിയിപ്പ് നിലയും മറികടന്നു. അതിനാല്‍ മണലി, കുറുമാലി, കരുവന്നൂര്‍, ചാലക്കുടി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.


ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു.


ചിമ്മിനി ഡാമില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകട സാധ്യത ഒഴിവാക്കുന്നതിന് ഡാമില്‍ നിന്നും കെഎസ്ഇബി വൈദ്യുതി ഉല്പാദനത്തിനായി 6.36 m3/s എന്ന തോതില്‍ ജലം ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ കുറുമാലി പുഴയിലേക്ക് ഒഴുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതല്‍ 12 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ കുറുമാലി, കരുവന്നൂര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

Follow us on :

Tags:

More in Related News