Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു

21 Jul 2025 16:30 IST

NewsDelivery

Share News :

തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയിൽ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു.


സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. മൂന്ന് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രസ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.


ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20 നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായിട്ടായിരുന്നു ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനംവിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.


പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായി. 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.


1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയായിരുന്നു അദ്ദേഹം. 1965-ലായിരുന്നു വി. എസിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. അമ്പലപ്പുഴ മണ്ഡലത്തില്‍ പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടു. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞ് 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. ഈ വിജയം 1970-ലും ആവര്‍ത്തിച്ചു. ആര്‍.എസ്.പിയിലെ കെ.കെ കുമാരപിള്ളയായിരുന്നു എതിരാളി. എന്നാല്‍, 1977ല്‍ വി.എസ് വീണ്ടും പരാജയത്തിന്റെ കയ്പ്പുനീര് നുകര്‍ന്നു. കുമാരപിള്ളയോട് തന്നെയാണ് വി.എസ് പരാജയപ്പെട്ടത്.


77-ലെ പരാജയത്തിന് ശേഷം 1991-ലാണ് വി.എസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തുന്നത്. മാരാരിക്കുളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുഗതനെ 9980 വോട്ടിന് പരാജയപ്പെടുത്തിയാണ് വി.എസിന്റെ മടങ്ങിവരവ്. എന്നാല്‍, 1996-ല്‍ പാര്‍ട്ടിക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് ഈ മണ്ഡലത്തില്‍ തന്നെ വി.എസ് പരാജയപ്പെടുകയായിരുന്നു. ഈ തോല്‍വിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട വി.എസ്. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തനായി മാറി.


2001-ല്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് മലമ്പുഴയിലാണ് വി.എസ് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് അഞ്ചക്കത്തിന് മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ഈ മണ്ഡലത്തില്‍ വി.എസിന്റെ ഭൂരിപക്ഷം 4703-ല്‍ ഒതുങ്ങി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയായിരുന്നു മലമ്പുഴയില്‍ വി.എസിന്റെ എതിരാളി. 2006-ല്‍ ഇതേ മണ്ഡലത്തില്‍ വിഎസ് ഭൂരിപക്ഷം 20,017 ആയി ഉയര്‍ത്തിയിരുന്നു.


പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയായിരുന്നു അന്ന് എണ്‍പത്തിരണ്ട് വയസ്സുള്ള വി.എസ്.


2011ല്‍ വി.എസ്. വീണ്ടും മലമ്പുഴയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. 2016ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ തിരിച്ചു വരികയും വി.എസ്. മലമ്പുഴയില്‍ നിന്നു വിജയം ആവര്‍ത്തിക്കുകയും ചെയ്‌തെങ്കിലും മുഖ്യമന്ത്രിയായത് പിണറായി വിജയന്‍ ആയിരുന്നു. അനുരഞ്ജനം എന്ന നിലയില്‍ വി.എസിനെ പിന്നീട് ഭരണപരിഷ്‌കരണ കമ്മീഷന്റെ ചെയര്‍മാനാക്കി.


പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടര്‍ന്ന് 2021ലെ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലായിരുന്ന വി.എസ്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു

Follow us on :

More in Related News