Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഇടത്, എൻ ഡി എ മുന്നണികൾ കൊട്ടിക്കലാശം നടത്തി. വാദ്യമേളങ്ങൾ ഒഴിവാക്കി പ്രവർത്തകരെ അണിനിരത്തി പ്രചരണജാഥ സംഘടിപ്പിച്ച് യുഡിഎഫ്.

07 Apr 2026 22:41 IST

santhosh sharma.v

Share News :

വൈക്കം: നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച വൈകിട്ട് എൽ ഡി എഫ് ,എൻ ഡി എ മുന്നണികളുടെ നേതൃത്വത്തിൽ വൈക്കം, തലയോലപ്പറമ്പ് ടൗണുകളിൽ നടത്തിയ കൊട്ടിക്കലാശം ആവേശമായി. തലയാഴത്ത് സി പി ഐ ഓഫീസിന് മുന്നിൽ കർഷകർ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിക്ഷേധിച്ച് വൈക്കത്ത് യുഡിഎഫ് കൊട്ടിക്കലാശത്തിൻ്റെ വാദ്യമേളങ്ങൾ ഒഴിവാക്കി നൂറ് കണക്കിന് പ്രവർത്തകരെ അണിനിരത്തി പ്രചരണ ജാഥയാണ് സംഘടിപ്പിച്ചത്. വാദ്യമേളങ്ങളും കലാരൂപങ്ങളുമായി എൽഡിഎഫ്, എൻ ഡി എ മുന്നണികളികൾ കലാശക്കൊട്ടിൽ അണിനിരന്നു. ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. വൈക്കം പടിഞ്ഞാറെനട റോഡിൽ കച്ചേരിക്കവലക്ക് കിഴക്ക് ഭാഗത്ത് എൽ.ഡി.എഫും അവിടെ നിന്ന് പടിഞ്ഞാറേക്ക് ഗുരുമന്ദിരം വരെ എൻ.ഡി.എയും കച്ചേരിക്കവലയിലെ ഇലക്ഷൻ കമ്മറ്റി ഓഫീസ് പരിസരത്തായി യു.ഡി.എഫും അണിനിരന്നത്. മൂന്ന് മുന്നണിയുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും വാഹനറാലിയോടെയാണ് കൊട്ടിക്കലാശത്തിനായി വാഹനങ്ങൾ ഉൾപ്പടെ പ്രധാന കേന്ദ്രമായ കച്ചേരിക്കവലയിൽ എത്തിയത്.തുറന്ന വാഹനത്തിൽ കൈവീശി മൂന്ന് മുന്നണി സ്ഥാനാർഥികളും സ്ഥലത്തെത്തിയതോടെ പ്രവർത്തകരും ആവേശത്തിലായി. വൈക്കം ടൗണ്‍, തലയോലപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രധാന കൊട്ടികലാശത്തിന് പുറമെ വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, കല്ലറ തുടങ്ങിയ പഞ്ചായത്ത് കേന്ദ്രങ്ങളിലും മുന്നണികളുടെ കലാശക്കൊട്ട് നടന്നു. 

സമാപന സമയമായ വൈകിട്ട് ആറിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ടൗണിലേയ്ക്ക് നിരവധി പ്രചാരണ വാഹനങ്ങള്‍ എത്തിയതോടെ പ്രധാന സ്ഥലങ്ങളിൽ ഗതാഗത കുരുക്കായി. സ്ഥാനാര്‍ഥികളുടെ കട്ടൗട്ടുകളും ചിത്രങ്ങളും കൊടികളുമെന്തി മുന്നണി പ്രവര്‍ത്തകരും പ്രാധാന സ്ഥലങ്ങളിൽ അണിനിരന്നു. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടിയായ കൊട്ടിക്കലാശം ആവേശക്കടലായി. വൈക്കത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേനയും നിലയുറപ്പിച്ചിരുന്നു. ഭരണം നിലനിർത്താൻ എൽ ഡി എഫ് മുന്നണി ശ്രമിക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ അട്ടിമറി വിജയത്തിലൂടെ പതിറ്റാണ്ടുകൾ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടമാണ് യു ഡി എഫ് ഇക്കുറി നടത്തിയത്. എൽ ഡി എഫ് മുന്നണിയിൽ ഉണ്ടായിരുന്ന മുൻ എംഎൽഎ രംഗത്തിറക്കി ഇടത് വോട്ടുകൾ ഉൾപ്പടെ സമാഹരിച്ച് വിജയക്കൊടി പാറിക്കുവാനുള്ള ചിട്ടയായ പ്രവർത്തനമാണ് എൻ ഡി എ മുന്നണിയും ഇക്കുറി നടത്തിയത്. പരസ്യ പ്രചരണം സമാപിച്ചതോടെ നാളെ മുന്നണികളും സ്ഥാനാർഥികളും അടക്കം വാർഡുതലങ്ങളിൽ നിശബ്ദ പ്രചരണം നടത്തും.

Follow us on :

More in Related News