Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ചേരി മെഡിക്കൽ കോളേജ് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; സാങ്കേതിക തടസ്സങ്ങൾ നീക്കാൻ അടിയന്തര നിർദ്ദേശം

21 Jul 2026 10:56 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിലെ ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള അവലോകന യോഗം ചേർന്നു. മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്, എം.എൽ.എ അഡ്വ. എം റഹ്മത്തുള്ള, ജനപ്രതിനിധികൾ, മെഡിക്കൽ കോളേജ് അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


നിസ്സാരമായ കാരണങ്ങളുടെ പേരിലോ സാങ്കേതികത്വത്തിന്റെ പേരിലോ മെഡിക്കൽ കോളേജിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണം എന്ന്

മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് കർശന നിർദ്ദേശം നൽകി.


യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:


ക്രിറ്റിക്കൽ കെയർ യൂണിറ്റ് (₹23 കോടി): നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാനും പ്രവൃത്തികൾ വേഗത്തിലാക്കാനും നടപടി സ്വീകരിക്കും.


അടിസ്ഥാന സൗകര്യ നിർമ്മാണം: എം.ആർ.ഐ സ്‌കാനിങ് ഇൻസ്റ്റലേഷൻ, ജനറേറ്റർ, ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, റാമ്പ്, ലിഫ്റ്റ്, ഓഡിറ്റോറിയം നിർമ്മാണം, പീഡിയാട്രിക് ഐ.സി.യു പ്രവർത്തനമാരംഭിക്കൽ എന്നിവ അടിയന്തിരമായി പൂർത്തിയാക്കും.


നഴ്‌സിംഗ് സ്‌കൂൾ: ചെരണി ക്ഷയരോഗ ആശുപത്രിയോട് ചേർന്നുള്ള സ്ഥലം നഴ്‌സിംഗ് സ്‌കൂൾ നിർമ്മാണത്തിന് അനുയോജ്യമാണോ എന്ന് 2 ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.


ഫയർ NOC: ഫയർ എൻ.ഒ.സി ലഭ്യമാക്കുന്നതിന് നിർമ്മാണ ഏജൻസികൾ അടിയന്തരമായി ഇടപെടും.


തുടർ മേൽനോട്ടം: പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയും, മാസത്തിലൊരിക്കൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നേരിട്ടും യോഗം ചേരും.


മെഡിക്കൽ കോളേജിന്റെ വികസനത്തിൽ സർക്കാരിൽ നിന്ന് ലഭ്യമാകേണ്ട അനുമതികൾക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായ ഫോളോ-അപ്പ് ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.



Follow us on :

More in Related News