Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 12:02 IST
Share News :
ഒക്‌ടോബര്‍ ഒന്‍പത് ലോക തപാല്‍ ദിനം
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണ്‍ ആസ്ഥാനമായി 1874 ഒക്‌ടോബര്‍ ഒന്‍പതിന് അന്തർദേശീയ തപാല്‍ യൂണിയന്‍ (യു.പി.യു) സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കാനാണ് ഒക്‌ടോബര്‍ ഒന്‍പത് ലോക തപാല്‍ ദിനാമയി ആചരിക്കുന്നത്. 1969ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന യു.പി.യു കോണ്‍ഗ്രസിലാണ് ഈ ദിനം ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ 189 രാജ്യങ്ങളാണ് യു.പി.യു വില്‍ അംഗങ്ങളായിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്‍റര്‍നെറ്റിന്‍റെ ഈ കാലത്തു പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഉള്ള ഏറ്റവും പ്രാഥമിക ആശയവിനിമയ മാര്‍ഗ്ഗമാണ്.
യുനസ്‌കോയുമായി സഹകരിച്ച് യു.പി.യു എല്ലാവര്‍ഷവും 189 ഓളം രാജ്യങ്ങളിലാണ് വിവിധ പരിപാടികളോടെ തപാല്‍ ദിനം കൊണ്ടാടുന്നത്. മിക്ക രാജ്യങ്ങളിലും അന്ന് സ്റ്റാമ്പ് പ്രദര്‍ശനം നടത്തി വരുന്നു. വിവിധ തപാല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതും ഇതേ ദിവസമാണ്. ഇന്ത്യ തൊട്ടടുത്ത ദിനമായ പത്തിനാണ് തപാല്‍ദിനമായി ആചരിക്കുന്നത്. 'തപാല്‍ സേവനം ജനസേവനം' എന്നതാണ് തപാല്‍ വകുപ്പിന്റെ മുദ്രാവാക്യം.
ലോകത്ത് പോസ്റ്റല്‍ സര്‍വിസ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ഇന്ത്യയിലാകട്ടെ 1846 മുതല്‍ 1904 വരെ കാളവണ്ടികള്‍ തപാല്‍ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്നു. ടാക് ഗാഡി എന്നറിയപ്പെട്ടിരുന്ന കുതിരവണ്ടികളും പ്രചാരത്തിലുണ്ടായിരുന്നു.
1898 ലെ ഇന്ത്യന്‍ പോസ്റ്റോഫിസ് ആക്ടുമായി ബന്ധപ്പെട്ടതാണ് നിലവിലെ തപാല്‍ നിയമങ്ങള്‍. ഒഡീഷയില്‍ 1988 വരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ വാര്‍ത്തകള്‍ എത്തിക്കാന്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു. 2000 ത്തോടെപ്രാവുകളെ ഉപയോഗിച്ചുള്ള സന്ദേശകൈമാറ്റം നിര്‍ത്തലാക്കി.
പ്രാചീന കാലം മുതല്‍ക്കു തന്നെ കേരളത്തില്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. രാജഭരണകാലത്ത് വാര്‍ത്താവിനിമയം നടത്താന്‍ പെരുമ്പറ, ഡമാരം, നഗരാവ്, ബൂരി, മുരശ്, വംഗ തുടങ്ങിയ വിളംബര വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. വിദൂര സ്ഥലങ്ങളിലേക്ക് സന്ദേശവാഹകരെ അയക്കുന്ന രീതിയും പ്രചാരത്തിലുണ്ടണ്ടായിരുന്നു.1860 ല്‍ തിരുവിതാംകൂറില്‍ അഞ്ചല്‍ സേവനം നാട്ടുകാര്‍ക്കും കിട്ടിത്തുടങ്ങി. 1866 ല്‍ ഉരുപ്പടികള്‍ക്ക് രജിസ്‌ട്രേഷന്‍ രീതി നിലവില്‍ വന്നു. 1791ല്‍ കൊച്ചിയില്‍ അഞ്ചല്‍ സമ്പ്രദായം വന്നെങ്കിലും നാട്ടുകാര്‍ക്ക് സേവനം കിട്ടുന്നത് 1885 ലാണ്. 1892 ലാണ് കൊച്ചിയില്‍ സ്റ്റാമ്പ് വരുന്നത്. കത്തുകള്‍ ശേഖരിക്കുന്നതിന് അങ്ങാടിക്കടുത്ത് അഞ്ചല്‍ പെട്ടികളും സ്ഥാപിച്ചു. കൊച്ചിയിലുണ്ടായിരുന്ന അഞ്ചലാപ്പീസ് ദിവാൻ തോട്ടക്കാട് ശങ്കുണ്ണിമേനോന്റെ കാലത്ത് സ്ഥാപിച്ചതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നതിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതു വരെ അഞ്ചൽ സമ്പ്രദായം നിലനിന്നു. കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചു കൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികളും നൽകിയിരുന്നു. തിരുവിതാംകൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗിക കാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് ‘അഞ്ചൽ’ എന്നു നാമകരണം ചെയ്തത്. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശവും കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്.
ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളു.ഭാരതത്തിൽ പൊതുവായി തപാൽ സംവിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുക ഉണ്ടായി.
1857 ൽ ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറിൽ ആരംഭിച്ചു. തപാലുരുപ്പടികളുമായി പോകുന്നയാളാണ് അഞ്ചലോട്ടക്കാരൻ. ഒരഗ്രം മുനവാർത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണി കെട്ടിയ അരപ്പട്ടയും ധരിച്ച് ഓട്ടക്കാരൻ ദിവസം 8 മൈൽ ഓടണമെന്നാണ് ഉത്തരവ്. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരന്‍റെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തൂക്കിയാണ് തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നത്. ഇദ്ദേഹം ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആൾക്കാർ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളു. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടിയിരുന്നു.
ഉത്രം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സർക്കാരിലേക്കയക്കുന്ന ഹരജികളും സർക്കാർ ജീവനക്കാരുടെ കത്തുകളും കൂലി കൊടുക്കാതെ അഞ്ചൽ വഴി അയക്കാൻ ഉത്തരവായി.കത്തുകള്‍ അയക്കുമ്പോള്‍ മേല്‍വിലാസത്തിനൊപ്പം പിന്‍കോഡ് കൂടി രേഖപ്പെടുത്തും. തപാല്‍ സംവിധാനം വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഉരുപ്പടികള്‍ കൃത്യമായിമേല്‍വിലാസക്കാരന് എത്തിക്കാനാണ് പിന്‍കോഡ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള പോസ്റ്റല്‍ കോഡ് സംവിധാനമാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ്. 1972 ആഗസ്റ്റ് 15 നാണ് പിന്‍സിസ്റ്റം ഏര്‍പ്പെടുത്തിയത്. പിന്‍ എന്നറിയപ്പെടുന്ന ആറക്ക നമ്പരില്‍ പോസ്റ്റല്‍ സോണ്‍, ഉപമേഖല, സോര്‍ട്ടിംഗ് ജില്ല, തപാല്‍ റൂട്ട് എന്നിങ്ങനെ യഥാക്രമം ഒന്നു മുതല്‍ നാലുവരെയുള്ള അക്കങ്ങളും, അതത് റൂട്ടിലെ പോസ്റ്റ് ഓഫിസിനെ അവസാന അഞ്ചും ആറുംഅക്കങ്ങളും പ്രതിനിധീകരിക്കുന്നു. തപാല്‍ ഉരുപ്പടികളുടെ സുഗമമായ കൈമാറ്റം പിന്‍കോഡ് ഉറപ്പുവരുത്തുന്നു. പോസ്റ്റ് കാര്‍ഡിലും ഇന്‍ലന്‍ഡിലുമൊക്കെയായി കത്തുകള്‍ തപാലില്‍ ഒരിടത്തു നിന്നു മറ്റൊരിടത്തെത്തുന്നു.
Follow us on :
More in Related News
Please select your location.