Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതുവരെ വിനേഷ് ഫോഗട്ട് ചെയ്തത്. ഏറെ വേദനാജനകമാണ് ഈ സംഭവം; സാക്ഷി മാലിക്

07 Aug 2024 16:49 IST

Shafeek cn

Share News :

ദില്ലി: പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് സംഭവിച്ച ഏറ്റവും വലിയ നിരാശ എന്ന് സാക്ഷി മാലിക് എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ട് ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യം ആര്‍ക്കും സങ്കല്‍പിക്കാൻ ആകില്ല. സാധ്യമെങ്കിൽ തന്‍റെ മെഡൽ വിനേഷിന് നൽകുമെന്നും സാക്ഷി മാലിക് എക്സില്‍ കുറിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോള്‍. ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതുവരെ വിനേഷ് ഫോഗട്ട് ചെയ്തത്. അതിനാല്‍ തന്നെ ഏറെ വേദനാജനകമാണ് ഈ സംഭവമെന്നും സാക്ഷി മാലിക് പറഞ്ഞു.


ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചത്. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്. ലോക ചാമ്പ്യനെ വരെ മലര്‍ത്തിയടിച്ച് തിളങ്ങിനില്‍ക്കുകയാണ് അവര്‍. തിളക്കമേറിയ കരിയറില്‍ ഇത് വെറുമൊരു നിര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ച കാര്യമാണ്. അതിനാല്‍ തന്നെ വിജയിയായി ശക്തമായി വിനേഷ് ഫോഗട്ട് തിരിച്ചുവരും. എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

വിനേഷിനെ അയോഗ്യയാക്കിയത് ഏറെ വേദനിപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചത്. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍, എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് താങ്കള്‍ തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തയായി തിരിച്ചുവരു, ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.


ഇതിന് പിന്നാലെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. വിനേഷിന്‍റെ കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പി ടി ഉഷയോട് ആവശ്യപ്പെട്ടു. പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.

Follow us on :

More in Related News