Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വാഹനത്തിലെത്തിച്ച കോഴി മാലിന്യം സാമൂഹ്യ വിരുദ്ധർ പാലത്തില്‍ വിതറി.

31 Dec 2025 18:18 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂര്‍ അഞ്ചുമന പാലത്തില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധർ വാഹനത്തില്‍ കൊണ്ടുവന്ന് കോഴി അറവ് മാലിന്യം തള്ളി. ബുധനാഴ്ച പുലര്‍ച്ചെയാണ് മാലിന്യം തള്ളിയതെന്ന് കരുതുന്നത്. കോട്ടയത്തുനിന്നും വൈക്കത്തേക്ക് പോകുന്ന ഭാഗത്ത് പാലത്തിന്റെ ഇടതുവശത്ത് വിതറിയ നിലയില്‍ പുലര്‍ച്ചെ അഞ്ചോടെ നാട്ടുകാരാണ് മാലിന്യം തള്ളിയിരിക്കുന്നത് കണ്ടത്. തുടർന്ന് പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങൾ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് അധികൃതര്‍ മാലിന്യം നീക്കി സമീപത്തുതന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു. തുടർന്ന് മാലിന്യം തള്ളിയ സ്ഥലത്തും കുഴിച്ചിട്ട ഭാഗത്തും ക്ലോറിന്‍ വിതറി അണുവിമുക്തമാക്കി. വൈക്കം പോലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളിയവരെ പിടികൂടാനായി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. കല്ലറ, വെച്ചൂര്‍, തലയാഴം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ശുചിമുറി മാലിന്യമാണ് അതില്‍ ഏറെയും. കഴിഞ്ഞ മാസമാണ് ഈ ഭാഗത്ത് കൊയ്ത് കൂട്ടിയ നെല്ലിന് മുകളില്‍ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയ സംഭവം ഉണ്ടായത്. ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്‌.




Follow us on :

More in Related News