Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറി; അഷ്ടമി ദർശനം 12 ന് പുലർച്ചെ 4.30 മുതൽ.

01 Dec 2025 17:12 IST

santhosh sharma.v

Share News :

വൈക്കം: പഞ്ചാക്ഷരിയുടെയും വേദമന്ത്രങ്ങളുടേയും നിറവിൽ ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്മാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയാണ് മഹാദേവക്ഷേത്രത്തിലെ സ്വർണ്ണ ധ്വജത്തിൽ ശ്രീമഹാദേവൻ്റെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ഉത്തരദിക്കിൽ ആചാരപ്രകാരം ഉയർത്തിയത്. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടി പൂജ എന്നിവക്ക് ശേഷം ശ്രീകോവിലിൽ നിന്ന് ദേവചൈതന്യം അവാഹിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കൽപുരയിൽ നടന്ന ചടങ്ങുകൾക്ക് ശേഷം 6.44 നാണ് കൊടിയേറ്റ് നടന്നത്. നിലവിളക്കും നിറപറയും നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരും സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും കൊടിയേറ്റിന് അകമ്പടിയായി. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി, എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ ദീപം തെളിച്ചു. അസിസ്റ്റൻ്റ് കമ്മീഷണർ സി.എസ്. പ്രവീൺകുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, അഡ്വക്കേറ്റ് കമ്മീഷണർ പി. രാജിവ് എന്നിവർ പങ്കെടുത്തു. സിനിമ നടൻ 

ദിലീപ്, ഗൗരി നന്ദന എന്നിവർ ചേർന്ന് കലാമണ്ഡപത്തിൽ ദീപം തെളിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മഹാദേവൻ്റെ കൊടിയേറ്റ് ദർശിച്ച് അനുഗ്രഹം തേടാൻ ക്ഷേത്രത്തിൽ എത്തിയത്.12 നാണ് പ്രസിദ്ധമായ അഷ്ടമി. പുലർച്ചെ 4.30 മുതൽ അഷ്ടമി ദർശനം നടക്കും.

Follow us on :

More in Related News