Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 17:41 IST
Share News :
മലപ്പുറം : ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചുവെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെന്നല കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.26 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ ഒട്ടുമിക്ക ആരോഗ്യ സ്ഥാപനങ്ങളിലും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞെന്നും ശേഷിക്കുന്ന ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിൻ്റെയും ആരോഗ്യം ലക്ഷ്യമിട്ടാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പ്രദേശത്തും അടുത്തകാലത്തായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ പ്രമേഹ രോഗികള്‍ക്കുള്ള ക്ലബ്ബ്,സ്ത്രീജന ആരോഗ്യപരിപാലനം, വ്യായാമം ചെയ്യുന്നതിനുള്ള ഇടങ്ങള്‍, ജീവിതശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട പതിനാല് ടെസ്റ്റുകള്‍, മരുന്നുകളുടെ വിതരണം എന്നിവക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രോഗപ്രതിരോധത്തിലൂന്നിയ രോഗനിയന്ത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കെ.പി.എ. മജീദ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ഗഫൂര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എന്‍. അനൂപ്, ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ലാന്‍സ്ലറ്റ് തോമസ്, വിവിധ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.