Fri May 9, 2025 9:04 PM 1ST
Location
Sign In
22 Apr 2025 16:16 IST
Share News :
തിരൂരങ്ങാടി : കഠിനമായ ചൂടിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് വാർഡിലെ രോഗികളും കൂട്ടിരിപ്പുകാരും വെന്തുരുകുന്നു. പാലിയേറ്റീവ് വാർഡിൽ അകത്തും പുറത്തും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. പാലിയേറ്റീവ് വാർഡിന്റെ മേൽക്കുര ഉയരം കുറഞ്ഞതും ഷീറ്റ് പാകിയതുമായതാണ് മറ്റ് വാർഡുകളെ അപേക്ഷിച്ച് പാലിയേറ്റീവ് വാർഡിന്റെ ഉള്ളിൽ ചൂട് കൂടാൻ കാരണം. മാത്രമല്ല സൈഡിൽ ജനൽ ഇല്ലാത്തത് കാരണം വാർഡിലേക്ക് എയർ സർക്കുലേഷനും ലഭിക്കുന്നില്ല. പാലിയേറ്റീവ് വാർഡ് പുരുഷ വാർഡും സ്ത്രീ വാർഡുമായി തരം തിരിച്ചിട്ടുണ്ടെങ്കിലും രണ്ട് ഭാഗത്തും ആവശ്യത്തിന് ഫാനുകളും വാർഡിൽ ഇല്ല. വാർഡിൽ തന്നെയുള്ള ഫാനുകൾ ചിലത് തകരാറിലുമാണ്. ഇത് കാരണം പാലിയേറ്റീവ് വാർഡിന്റെ ഉള്ളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.
കാൻസർ, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ വന്ന് ചികിൽസ ഫലിക്കാതെ വിവിധ ആശുപത്രികളിൽ നിന്നും വീടുകളിലേക്ക് പറഞ്ഞ് വിടുന്ന രോഗികളാണ് ചെറിയ ഒരാശ്വാസത്തിന് വേണ്ടി പാലിയേറ്റീവ് വാർഡിൽ ചികിൽസക്കെത്തുന്നത്. ചൂട് സഹിക്കാൻ കഴിയാത്തതിനാൽ പലരും തൽക്കാലികാശ്വാസത്തിന് സ്വന്തം വീടുകളിൽ നിന്ന് ഫാൻ കൊണ്ടു വന്നിരിക്കുകയാണ്. കാലങ്ങളായി പ്രവർത്തിച്ച് വരുന്ന പഴയ ഒരു ബിൽഡിംഗിലാണ് താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി പാലിയേറ്റീവ് വാർഡ് പ്രവർത്തിക്കുന്നത്.
ആശുപത്രിയിൽ ഒട്ടേറെ പ്രവർത്തികൾ വലിയ ഫണ്ടുകൾ ചിലവഴിച്ച് നടത്തിയിട്ടുണ്ടെങ്കിലും പാലിയേറ്റീവ് വാർഡിലെ സൗകര്യങ്ങൾ വർധിപ്പിക്കുവാൻ നഗരസഭയോ എച്ച് എം.സി.യോ ഇത് വരെ തയ്യാറായിട്ടില്ല.
ആശ്രയമറ്റ് വരുന്ന രോഗികൾ ആശ്രയിക്കുന്ന പാലിയേറ്റിവ് വാർഡിൽ രണ്ടോ മൂന്നോ ഔട്ട്ഫാൻ സ്ഥാപിക്കുകയും ആവശ്യത്തിന് ഫാനുകൾ രോഗികളുടെ ബെഡ്ഡിനടുത്ത് സ്ഥാപിക്കുകയും ചെയ്താൽ ഇപ്പോൾ അനുഭവപ്പെടുന്ന കഠിനമായ ചൂടിന് ചെറിയൊരു ആശ്വാസം ലഭിക്കുമെന്നും ഇപ്പോൾ രോഗികളോട് കാണിക്കുന്നത് സേവനവകാശ ധ്വംസനവും മനുഷ്യാവകാശ ലംഘനവുമാണെന്നും പാലിയേറ്റീവ് വാർഡിലെ രോഗികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ തിരൂരങ്ങാടി നഗരസഭ ചെയർമാൻ, താലൂക്ക് ആശുപത്രി സുപ്രണ്ട് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ , നഗരസഭാ സെക്രട്ടറി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിലർമാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പി.ടി.ഹംസ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.