Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വം: മന്ത്രി ആർ. ബിന്ദു

22 Oct 2024 19:13 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കെ .ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി തെക്കുംതല കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിൽ മുൻരാഷ്ട്രപതി കെ.ആർ. നാരായണന്റെ അർധകായപ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഈ വർഷം പദ്ധതി വിഹിതമായി അഞ്ചരക്കോടി രൂപയും പദ്ധതിയേതര വിഹിതമായി 4.11 കോടി രൂപയും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനു ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു..

സംസ്ഥാന സർക്കാരിനു സാമ്പത്തിക പ്രതിസന്ധി നിലവിലുണ്ടെങ്കിലും ഇന്നത്തെ കേരള സമൂഹത്തിൽ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ള സവിശേഷമായ പ്രസക്തി കണക്കിലെടുത്ത് സ്ഥാപനത്തോടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിബദ്ധതയും പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു. സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അതേ ഗരിമയുള്ള ദേശീയ അന്തർദേശീയ സ്ഥാപനമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ആർ. നാരായണന്റെ അർധകായപ്രതിമ രൂപകൽപന ചെയ്ത ശിൽപി സി. എൻ. ജിതേഷിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ഭരണഘടനയെ എല്ലാ അർത്ഥത്തിലും നെഞ്ചേറ്റിയ വിശ്വ പൗരനായിരുന്നു കെ ആർ നാരായണൻ എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രതിമ അനാച്ഛാദനത്തിനുശേഷം കെ.ആർ. നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ ലഘു ഡോക്യുമെന്ററി ഹോപ് ഫോർ ഓൾ: ദ് ലെജന്റ ഓഫ്് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ തിയറ്ററിൽ പ്രദർശിപ്പിച്ചു.

അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ കുടുംബാംഗം കെ. രാധാകൃഷ്ണൻ, സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ, ശിൽപി സി.എൻ. ജിതേഷ്, പൂർവ വിദ്യാർഥി പ്രതിനിധി ശ്രീവേദി കെ. ഗിരിജൻ, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ശ്രീദേവൻ കെ. പെരുമാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. ആർ. ജിജോയ് എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News