Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാധാരണക്കാരായ കുട്ടികള്‍ക്ക് അന്തസ്സോടെ പഠിക്കാന്‍ കഴിയും വിധം പൊതുവിദ്യാലയങ്ങള്‍ മാറി; മന്ത്രി റോഷി അഗസ്റ്റിന്‍

29 Nov 2024 14:45 IST

ജേർണലിസ്റ്റ്

Share News :





അടിമാലി: സാധാരണക്കാരായ കുട്ടികള്‍ക്ക് അന്തസ്സോടെ പഠിക്കാനും സ്വസ്ഥമായി ഇരിക്കാനും കഴിയുന്ന വിധത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മാറിക്കഴിഞ്ഞതായി ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 3.90 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് പണിക്കന്‍കുടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിക്കുന്ന ഹൈടെക്ക് അക്കാദമിക്ക് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ അക്കാദമിക മികവില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഓലയും ഓടുമേഞ്ഞ ഒറ്റ നില കെട്ടിടങ്ങളില്‍ നിന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിക്കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. വര്‍ഷങ്ങളായിട്ടും ആ നിലയ്ക്ക് മാറ്റമില്ല. കലാകായിക രംഗത്തും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷണമുള്ള സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നമ്മുടെ അഭിമാനമാണ് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സ്‌കൂള്‍ ലാബ് നിര്‍മ്മാണത്തിനായി എം എല്‍ എ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും റീട്ടെയിനിംഗ് വാള്‍ നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്ത് വക 15 ലക്ഷം രൂപയും സ്‌കൂളിന് അനുവദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.വി ബേബി, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ രനീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം സി കെ പ്രസാദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, ഹെഡ്മിസ്ട്രസ് എം പ്രസന്ന, ജനറല്‍ കണ്‍വീനര്‍ എ എസ് സ്മിത, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അധ്യാപകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Follow us on :

More in Related News