Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 16:02 IST
Share News :
മലപ്പുറം : ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ജില്ലയിൽ നടപ്പിലാക്കുന്ന നിപ്പ ബോധവൽക്കരണ പ്രതിരോധ ക്യാമ്പയിന് തുടക്കമായി.
ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കലക്ടർ ശ്രീ വി ആർ വിനോദ് ഐഎഎസ് ജില്ലാതല ക്യാമ്പയിനിന് തുടക്കം കുറിച്ചു.
ക്യാമ്പയിനിന്റെ ആദ്യഘട്ടമായ ജില്ലാതല പരിശീലന പരിപാടിയിലാണ് ബോധവൽക്കരണ പോസ്റ്റർ പുറത്തിറക്കിയത്.
ജില്ല ഭരണകൂടം, ആരോഗ്യ കുടുംബക്ഷമ വകുപ്പ്, ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കൃഷി, ഫോറസ്റ്റ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കുള്ള നിപ്പ ബോധവൽക്കരണ ശിൽപ്പശാല നടത്തി.
പരിശീലന പരിപാടി ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുകയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ ശ്രീ വി ആർ വിനോദ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. നിപ്പ ബോധവൽക്കരണ പോസ്റ്റർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രമേഷ് കുമാർ പി കെ ഏറ്റുവാങ്ങി. ജില്ലാ സർവയലൻസ് ഓഫീസർ ഡോക്ടർ ഷുബിൻ സി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ നൂനമർജ്ജ കെ എം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് ടി എൻ, എൻ സി ഡി നോഡൽ ഓഫീസർ ഡോക്ടർ ഫിറോസ് ഖാൻ വി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ബിന്ദു.വി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, എപ്പിഡമോളജിസ്റ്റ് കിരൺ രാജ് , ആരോഗ്യ കേരളം കൺസൾട്ടൻ്റ് ദിവ്യ ഇ ആർ എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ അനീഷ് ടി എസ്, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷനിലെ അസിസ്റ്റൻറ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ ഡോക്ടർ അരുൺ സത്യൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ക്ഷീരവികസനം, കൃഷി, ഫോറസ്റ്റ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
രണ്ടാംഘട്ടത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂൾ ഹെഡ്മാസ്റ്റർമാർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും; ആയുഷ് , ഐഎസ്എം, ഹോമിയോ വകുപ്പ് ഉദ്യോഗസ്ഥർക്കും, സെമിനാർ സംഘടിപ്പിക്കും .
മൂന്നാം ഘട്ടമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസർ മാർ മുഖേന ബോധവൽക്കരണ പോസ്റ്റർ പ്രദർശിപ്പിക്കും.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നിപ്പാ ബോധവൽക്കരണത്തിനായി ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക.
സ്കൂളുകളിൽ പ്രത്യേക ആരോഗ്യ അസംബ്ലികൾ സംഘടിപ്പിക്കുകയും പ്രതിരോധ പ്രതിജ്ഞ എടുക്കുകയും ചെയ്യുക.
നാലാം ഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ എൻഎസ്എസ്, എൻ സി സി , ജെ ആർ സി തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം വഴി ബോധവൽക്കരണ സന്ദേശങ്ങൾ വീടുകളിൽ നൽകുക.
ഇങ്ങനെ വിദ്യാർഥികൾ വഴി നിപ്പ ബോധവൽക്കരണ സന്ദേശങ്ങൾ എല്ലാ വീടുകളിലും എത്തിക്കും.
കൂടാതെ വിവിധ വകുപ്പുകളുടെ ജില്ലാതല യോഗങ്ങൾ, ബ്ലോക്ക് തല യോഗങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ യോഗങ്ങൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവർ വഴി നിപ്പ പ്രതിരോധ ബോധവൽക്കരണ സന്ദേശങ്ങൾ
നൽകുകയും ചെയ്യുക
എന്നിവയാണ് ക്യാമ്പയിനിന്റെ വിവിധ പദ്ധതികൾ.
നിപയെ എങ്ങനെ നമുക്ക് പ്രതിരോധിക്കാം?
• നിപ്പാരോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്
• വവ്വാലുകളും, പന്നികളുമാണ് ഈ വൈറസിൻ്റെ സ്വാഭാവിക ആതിഥേയർ.
• വവ്വാൽ ഭക്ഷിച്ച പഴങ്ങളിൽനിന്നും കാഷ്ടിച്ച പാനീയങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് എത്തിയേക്കാം.
. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും ഈ രോഗം പകരാവുന്നതാണ്.
. രോഗഹേതുവായ വൈറസ് ശരീരത്തിൽ പ്രവേശിച്ച 4 മുതൽ 14 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
. പനി, തലവേദന, തുടർന്ന് മയക്കം, സ്ഥലകാല ബോധമില്ലായ്‌മ, പിന്നീട് അബോധാവസ്‌തയിലേക്കും നയിച്ചേക്കാം.
• ചിലരിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും കാണാറുണ്ട്. . രോഗം ഗുരുതരമാകുന്നവരിൽ 40% മുതൽ 70% പേർ മരണപ്പെടുന്നു.
• രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പരിചരണവുമാണ് രോഗ ചികിത്സയ്ക്ക് അവലംബിക്കുന്നത്.
• നിപ്പാ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ എന്നിവയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ഇവ കടിച്ച പഴങ്ങളും മറ്റ് വസ്‌തുക്കളും ഒഴിവാക്കുകയും ചെയ്യണം.
. രോഗീപരിചരണം നടത്തുന്നവർ വ്യക്തിഗത ശാസ്ത്രീയ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
. രോഗലക്ഷണമുള്ളവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കേണ്ടതും ശാസ്ത്രീയമായ ചികിത്സ തേടേണ്ടതുമാണ്
. രോഗത്തെക്കുറിച്ചുള്ള അറിവും നിതാന്ത ജാഗ്രതയുമാണ് രോഗപ്രധിരോധത്തിനുള്ള ഉത്തമമാർഗ്ഗം.
മരത്തിൽ നിന്ന് പഴങ്ങൾ പറിക്കാമോ?
മരത്തിൽ നിന്ന് പഴങ്ങൾ പറിക്കാം.
നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കാം.
നിലത്ത് വീണു കിടക്കുന്നതോ പൊട്ടിയതോ കടിച്ചതോ ആയ പഴങ്ങൾ കൈ കൊണ്ട് എടുക്കരുത്.
അഥവാ എടുക്കേണ്ടി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക....
നിപ്പക്കെതിരെ പൊതുജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കുകയും നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.