Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 15:06 IST
Share News :
വള്ളിക്കുന്ന് : പരപ്പനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട താലപ്പൊലി ഉത്സവം2025 മാർച്ച് എഴിന് വെള്ളിയാഴ്ച നടക്കും. നെറുങ്കൈതക്കോട്ട ദേവസ്വവും നെറുങ്കൈതക്കോട്ട കേഷത്രസംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന വിപുലമായ ആഘോഷപരിപാടികളുടെ ക്രമീകരണങ്ങൾ ഉത്സവ നഗരിയിൽ പൂർത്തിയായി വരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷയിൽ ക്ഷേത്രപരിസരത്ത് പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
പരപ്പനാടിന്റെ ധർമ്മ ദേവതയായ മേക്കോട്ടയിൽ അമ്മ താലപ്പൊലി പറമ്പിലെ കളരിത്തറയിൽ കുടികൊള്ളുന്ന സഹോദരിയെ കാണാൻ പുറത്തേക്ക് എഴുന്നള്ളുന്നു എന്ന സങ്കല്പത്തിലാണ് താലപ്പൊലി ഉത്സവം കൊണ്ടാടുന്നത് . ഉത്സവദിവസം രാവിലെ 4 ന് തുറക്കും. 5.30ന് ഉഷപൂജയ്ക്ക് ശേഷം ദർശനമാരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം തന്ത്രി ചെറമംഗലം നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ വാദ്യകലാകാരനായ ശുകപുരം ദിലീപിന്റെ പ്രമാണത്തിൽ ക്ഷേത്ര സന്നിധിയിൽ ആൽത്തറ മേളം നടക്കും. മൂന്നു മണിക്കൂർ നീളുന്ന പഞ്ചാരിമേളത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ ദാരിക നിഗ്രഹ സങ്കലത്തിൽ മഹാഗുരുതി. വൈകിട്ട് ഏഴിന് ഉത്സവപ്പറമ്പിലെ വേദിയിൽ സാംസ്കാരിക സമ്മേളനം ആരംഭിക്കും. അതിനു തുടർച്ചയായി 8:30ന് വാദ്യകലയിലെ യുവ പ്രതിഭകളായ തൃക്കൂർ അശോക് ജി മാരാർ, പുതുക്കോട് ഉണ്ണികൃഷ്ണമാരാർ, എന്നിവരുടെ ഡബിൾ തായമ്പക ക്ഷേത്രനടപ്പന്തലിൽ നടക്കും. രാത്രി 11.30 ന് ആണ് ഉത്സവത്തിന് ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ തിരുഎഴുന്നള്ളത്ത്. ഗജവീരന്റെ തിടമ്പേറി പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവതിയെ കളരിത്തറയിൽ വെച്ച് നൂറുകണക്കിന് നാരീ ജനങ്ങൾ താലപ്പൊലിയുമായി വരവേൽക്കുന്നു. ഭഗവതിമാർ തമ്മിൽ ഉള്ള കൂടിക്കാഴ്ച മംഗളമയിയെന്നു വിളിച്ചറിയിച്ചുകൊണ്ട് വെളിച്ചപ്പാട് അരി എറിയുമ്പോൾ ദീപമേന്തിയ സ്ത്രീ ഭക്തജനങ്ങൾ മേക്കോട്ടയെ ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുന്നു . പിന്നാലെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ദേവിയെ ഭക്തജനങ്ങൾ പാണ്ടിമേളവുമായി വരവേൽക്കുന്നു. ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കുന്ന എഴുന്നള്ളത്ത് ശ്രീലകത്തെ ഏഴു തവണ വലം വയ്ക്കുന്നു. തുടർന്ന് കളമെഴുത്തു പാട്ടിന്റെ പ്രധാന ചടങ്ങുകൾ. സർക്കാരിൻ്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പുവരുത്തി കൊണ്ട് നാല് സമയങ്ങളിലായി കരിമരുന്ന് പ്രയോഗം നടത്തുന്നതിനുള്ള ഒരുക്കങ്ങളും മേക്കോട്ട പറമ്പിൽ ചെയ്തു വരുന്നു.
പത്രസമ്മേളനത്തിൽ നെറുങ്കൈതക്കോട്ട ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സംഗമെഷ് വർമ, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ ഹൃഷികേശ് കുമാർ പി ( പ്രസിഡണ്ട് ) എ പി ഉണ്ണികൃഷ്ണൻ (സെക്രട്ടറി ) , ബാബുരാജൻ തറോൽ, സദാനന്ദൻ പീച്ചംകോളി, പി വിമൽ കുമാർ, വി. ശശികുമാർ, മോഹൻദാസ് പീച്ചംകോളി, ഒ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.