Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്: സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും :ജില്ലാ കളക്ടര്‍.

09 Sep 2025 23:09 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നന്തി ജങ്ഷന്‍, തിക്കോടി അയ്യപ്പന്‍ ടെമ്പിള്‍ അപ്രോച്ച് റോഡ്, പയ്യോളി, വടകര ജങ്ഷന്‍ എന്നിവിടങ്ങളിലെ സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കും. കൊയിലാണ്ടി ബൈപാസ് നവംബറോടെ പൂര്‍ണമായും ഗതാഗതത്തിന് തുറന്നുനല്‍കും. ചെങ്ങോട്ടുങ്കാവ്-പൊയില്‍ക്കാവ് സര്‍വീസ് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കും. ഇതുവഴിയുള്ള പ്രധാനപാത രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.


ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ പ്രധാനപാത ഒരു മാസത്തിനകം തുറന്നുനല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നന്തി ജങ്ഷനിലെ അപ്രോച്ച് റോഡ് ടാറിങ് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. നിലവില്‍ വെങ്ങളം-അഴിയൂര്‍ റീച്ചിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

നിലവില്‍ ദേശീയപാത നിര്‍മാണത്തിന് മണ്ണിന്റെ ലഭ്യതക്കുറവോ മറ്റു പ്രശ്നങ്ങളോ ഇല്ല. മഴ സീസണ്‍ കഴിയുന്നതോടെ പ്രവൃത്തിയില്‍ നല്ല പുരോഗതിയുണ്ടാകും. സര്‍വീസ് റോഡിലെ ഡ്രെയിനേജ് സ്ലാബുകളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞു

രാവിലെ ഒമ്പതോടെ വെങ്ങളത്ത് നിന്നാരംഭിച്ച കളക്ടറുടെ പരിശോധന 11.40ഓടെയാണ് അഴിയൂരില്‍ സമാപിച്ചത്. കൊയിലാണ്ടി ബൈപാസിന്റെയും കുഞ്ഞോറമല, പുത്തലത്ത്കുന്ന് എന്നിവിടങ്ങളിലെയും ബൈപാസ് ആരംഭിക്കുന്ന നന്തി ഭാഗത്തെയും നിര്‍മാണ പുരോഗതിയും വിലയിരുത്തി. 

നന്തി ജങ്ഷന്‍, തിക്കോടി ചിങ്ങപുരം, പെരുമാള്‍പുരം, പയ്യോളി ടൗണ്‍, കരിമ്പനപ്പാലം, വടകര പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരം, ചോറോട്, അഴിയൂര്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നേരില്‍ക്കണ്ടു. സര്‍വീസ് റോഡുകള്‍ സാധ്യമാകുന്ന സ്ഥലങ്ങളില്‍ പരമാവധി വീതി കൂട്ടാനും നിരപ്പല്ലാത്ത ഭാഗങ്ങള്‍ നിരപ്പാക്കാനും നിര്‍ദേശം നല്‍കി. അനാവശ്യമായി റോഡുകളില്‍ കൂട്ടിയിട്ട നിര്‍മാണ സാമഗ്രികള്‍ നീക്കം ചെയ്യാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

ദേശീയപാത പ്രാജക്ട് ഡയറക്ടര്‍ പ്രശാന്ത് ദുവെ, സൈറ്റ് എഞ്ചിനീയര്‍ രാജ്. സി.പാല്‍, ആര്‍ ടി ഒ അന്‍വര്‍ സാദത്ത്, കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ. എസ്. വാര്യര്‍, വടകര തഹസില്‍ദാര്‍ രഞ്ജിത്ത്, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും സന്ദര്‍ശനവേളയില്‍ ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടാ

യിരുന്നു.

Follow us on :

Tags:

More in Related News