Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസറ്റിൽ പേരുമാറ്റിയാൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേരു തിരുത്താം

24 Aug 2024 19:26 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ഗസറ്റിൽ പേരുമാറ്റിയാൽ ഇനി മുതൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേരു തിരുത്താമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ്-പാർലമെന്ററികാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ്. കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടന്ന കോട്ടയം ജില്ലാ തദ്ദേശ അദാലത്തിൽ കറുകച്ചാൽ പനയ്ക്കവയലിൽ പി.ഡി. സൂരജ് നൽകിയ അപേക്ഷയിലാണ് നിരവധി പേർക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തത്. ഇതിനായി പൊതു ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞു. മാസങ്ങളായി വിസയുടെ ആവശ്യത്തിനായി വിവാഹ രജിസ്റ്ററിലെ പേരു തിരുത്തലിന് ശ്രമിക്കുകയായിരുന്നു സൂരജ്. വിവാഹ സമയത്തെ പേരാണ് ഏലിക്കുളം പഞ്ചായത്തിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. തിരുത്തിയ പേര് ഗസറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും വിവാഹ രജിസ്റ്ററിൽ മാറ്റാനായില്ല. നിലവിലെ നിയമപ്രകാരം ഇതു സാധ്യമായിരുന്നില്ല. വിസയുടെ ആവശ്യത്തിനായാണ് സൂരജ് പേരു മാറ്റം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.പരാതിയുമായി തദ്ദേശ അദാലത്തിനെത്തിയ സൂരജിന്റെ പ്രശ്‌നത്തിൽ മന്ത്രി എം.ബി. രാജേഷ് ഇടപെട്ടു. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്.എസ്.എൽ.സി. ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തിൽ വിവാഹ രജിസ്റ്ററിൽ തിരുത്തൽ വരുത്തി നൽകാൻ മന്ത്രി ഉത്തരവിട്ടു.

ഗസറ്റിലെ മാറ്റം അനുസരിച്ച് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തിൽ ജനന സർട്ടിഫിക്കറ്റിലും മാറ്റം വരുത്താൻ നിലവിൽ സൗകര്യമുണ്ട്. വിവാഹ സർട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം കൂടി ചേർത്തുവയ്ക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്. തിരുത്താൻ വ്യവസ്ഥയുണ്ടായിരുന്നില്ല. വിസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുമൂലം നിരവധി പ്രശ്‌നങ്ങളുണ്ടാവുന്നു. ഇതു പരിഗണിച്ചാണ് പൊതുഉത്തരവ് പുറത്തിറക്കാൻ തീരുമാനിച്ചത്. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്.എസ്.എൽ.സി. ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തിൽ വിവാഹ രജിസ്റ്ററിലും സർട്ടിഫിക്കറ്റിലും തിരുത്തൽ വരുത്താനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇത് സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാക്കും. ഇതു സംബന്ധിച്ച സർക്കാർ നടപടി അതിവേഗം പൂർത്തിയാക്കി പൊതു ഉത്തരവ് ഇറക്കാനും മന്ത്രി നിർദേശിച്ചു.

വിവാഹ രജിസ്റ്ററിലെ തെറ്റ് തിരുത്താനുള്ള സൂരജിന്റെ ശ്രമം ആയിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന രീതിയിലുള്ള പൊതു ഉത്തരവിനാണ് വഴിവച്ചത്. മാസങ്ങളായി അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരമായ സന്തോഷത്തോടെയാണ് സൂരജ് തദ്ദേശഅദാലത്തിൽ നിന്ന് മടങ്ങിയത്.



Follow us on :

More in Related News