Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലുണ്ടി-പരപ്പനങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്

19 Jul 2024 16:19 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തകര്‍ന്നു തരിപ്പണമായ കടലുണ്ടി-പരപ്പനങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം

യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്. ഗതാഗതം ദുസ്സഹമായ റോഡ് അടിയന്തിരമായി നന്നാക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള സമരത്തിലേക്ക് മുസ്‌ലിം യൂത്ത്‌ലീഗ് കടക്കുമെന്നും കാണിച്ച് യൂത്ത്‌ലീഗ് ഭാരവാഹികള്‍ പരപ്പനങ്ങാടി പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് പരാതി നല്‍കി. 


കടലുണ്ടിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള തീരദേശ റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് മാസങ്ങള്‍ പിന്നിട്ടു. മഴക്ക് മുമ്പ് തന്നെ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എല്‍.എയും പി അബ്ദുല്‍ ഹമീദ് എം.എല്‍.എയും ഗതാഗത മന്ത്രിയുള്‍പ്പെടെയുള്ളവര്‍ കത്ത് നല്‍കിയിരുന്നു. നേരത്തെ അനുവദിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തി അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ കത്ത് നല്‍കിയത്. എന്നാല്‍ അത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാലവര്‍ഷം ആരംഭിക്കുകയും മഴ ശക്തമാകുകയും ചെയ്തതോടെ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മഴക്കാലം തീരുന്നത് വരെ കാത്ത് നില്‍ക്കാതെ റോഡില്‍ അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് യൂത്ത്‌ലീഗിന്റെ ആവശ്യം. 


റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള ബഹുജന സമരങ്ങള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്ന് യൂത്ത്‌ലീഗ് ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പ് പരപ്പനങ്ങാടി അസിസ്റ്റന്റ് എഞ്ചിനിയറുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. അതോടപ്പം ചെട്ടിപ്പടി മുതല്‍ ചെറമംഗലം വരെ റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നും ഡ്രൈനേജ് നിര്‍മ്മിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വികസനങ്ങള്‍ മുടക്കുന്നത് ശരിയല്ലെന്നും ഈ റോഡിന്റെ വികസനത്തിനായി പി.കെ അബ്ദുറബ്ബ് എം.എല്‍.എയായിരുന്ന സമയത്ത് തെയ്യാറാക്കിയ 25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. 


യൂത്ത്‌ലീഗിന് വേണ്ടി പരപ്പനങ്ങാടി നഗരസഭ മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് വി.എ കബീര്‍, ജനറള്‍ സെക്രട്ടറി കെ.പി നൗഷാദ് എന്നിവരാണ് എഞ്ചിനിയര്‍ക്ക് പരാതി കൈമാറിയത്. എ.ഇയുമായുള്ള ചര്‍ച്ചയില്‍ തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, മുസ്ലിംലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി പി അലി അക്ബര്‍, മണ്ഡലം ഭാരവാഹികളായ ആസിഫ് പാട്ടശ്ശേരി, അസ്‌ക്കര്‍ ഊപ്പാട്ടില്‍, ട്രഷറര്‍ ബിഷര്‍ ചെറമംഗലം എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News