Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.പിയുടെ ഇടപെടല്‍ : തൊടുപുഴ തപാല്‍ സോര്‍ട്ടിങ് ഓഫീസ് ഇനി ഇന്‍ട്ര സര്‍ക്കിള്‍ ഹബ്ബ്

29 Nov 2024 12:47 IST

ജേർണലിസ്റ്റ്

Share News :




ഇടുക്കി : സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ വേഗത്തില്‍ ലഭിക്കുന്നതിന് സഹായകരമായ ഇന്‍ട്ര സര്‍ക്കിള്‍ ഹബ് ഇടുക്കി ജില്ലയില്‍ അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. തൊടുപുഴയിലെ സോര്‍ട്ടിംഗ് ഓഫിസ് നിലനിര്‍ത്തിയാണ് ഐ.സി.എച്ച് ആരംഭിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഏക സോര്‍ട്ടിംഗ് ഓഫിസാണ് തൊടുപുഴയിലേത്.

രാജ്യത്ത് നടപ്പാക്കുന്ന രജിസ്‌ട്രേഡ്, സ്പീഡ് പോസ്റ്റ് ഓഫിസുകളുടെ ലയനത്തെ തുടര്‍ന്നാണ് തൊടുപുഴ സോര്‍ട്ടിംഗ് ഓഫിസും അടച്ചു പൂട്ടുന്നതിന് തപാല്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി 30 വര്‍ഷം പഴക്കമുള്ള സോര്‍ട്ടിംഗ് ഓഫിസ് അടച്ചു പൂട്ടുമെന്നായിരുന്നു മന്ത്രാലയം അറിയിച്ചിരുന്നത്. സോര്‍ട്ടിംഗ് ഓഫിസിലെ സേവനങ്ങള്‍ ഘട്ടം ഘട്ടമായി മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം പൂര്‍ണമായും അടച്ചുപൂട്ടാനായിരുന്നു നീക്കം.

ഇതിന് മുന്നോടിയായി സ്പീഡ് പോസ്റ്റ്, പാര്‍സല്‍ ഉരുപ്പടികളുടെ തരം തിരിക്കല്‍ ജോലികള്‍ തൊടുപുഴയില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റിയിരുന്നു . ഇതുമൂലം സ്പീഡ് പോസ്റ്റ്, പാര്‍സല്‍ ഉരുപ്പടികളുടെ വിതരണത്തില്‍ കാലതാമസം നേരിടുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ തപാല്‍ ഓഫിസുകളില്‍ നിന്നുള്ള തപാല്‍ ഉരുപ്പടികള്‍ തരം തിരിച്ചയക്കുന്നത് തൊടുപുഴ സോര്‍ട്ടിംഗ് ഓഫിസില്‍ നിന്നായിരുന്നു. 

ഡീന്‍ കുര്യാക്കോസ് എം.പി സംസ്ഥാന ചെയര്‍മാന്‍ ആയുള്ള തപാല്‍ ജീവനക്കാരുടെ സംഘടന അടക്കം ഉള്ളവര്‍ ഈ വിഷയം എം.പിയുടെ മുന്‍പില്‍ എത്തിച്ചു .തുടര്‍ന്ന് ഈ വിഷയം ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ നിമിത്തം തപാല്‍ വിതരണം താറുമാറാക്കുന്നതിന് സോര്‍ട്ടിംഗ് ഓഫീസ് മാറ്റം ഇടയായി തീരുമെന്ന് എംപി മന്ത്രിയെ ബോധ്യപ്പെടുത്തി.

ഇതേ തുടര്‍ന്നാണ് തൊടുപുഴയില്‍ ഇന്‍ട്ര സര്‍ക്കിള്‍ ഹബ്ബ്,മന്ത്രാലയം അനുവദിച്ചത്. 270 തപാല്‍ ഓഫിസുകളാണ് ഇടുക്കി ജില്ലയില്‍ ഉള്ളത്. ജില്ലയിലെ തപാല്‍ ഓഫിസുകളില്‍ നിന്നു എത്തുന്ന സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ ഇനി മറ്റു ജില്ലകളിലേക്ക് നേരിട്ട് അയയ്ക്കുന്നതിന് ഹബ്ബിന്റെ പ്രവര്‍ത്തനം സഹായിക്കും.

ഇതോടെ സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ വേഗത്തില്‍ തന്നെ എത്തിക്കാനാകും. ഇടുക്കി ജില്ലയില്‍ സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ അയക്കുന്നതിന് ഇന്‍ട്ര സര്‍ക്കിള്‍ ഹബ് അനുവദിക്കണമെന്നത് ദീര്‍ഘകാല ആവശ്യം ആയിരുന്നു.

അടുത്ത ജില്ലയിലും സ്ഥലങ്ങളിലും ഹബ് അനുവദിക്കപ്പെട്ടപ്പോഴും ഇടുക്കി ജില്ലയില്‍ ഹബ്ബ് പരിഗണിക്കപ്പെട്ടില്ല. സോര്‍ട്ടിംഗ് ഓഫിസിന് പകരം ഇന്‍ട്ര സര്‍ക്കിള്‍ ഹബ്ബ് അനുവദിച്ചതോടെ കൂടുതല്‍ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കപ്പെടും.


Follow us on :

More in Related News