Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഫിര്‍ വിവാദം; ഉറവിടം കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യു.ഡി.എഫ്

22 May 2024 11:40 IST

Shafeek cn

Share News :

വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിനിടെ ഇതേച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര് മുറുകുന്നു. വ്യാജവാട്സാപ്പ് സന്ദേശത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ജില്ലാ സെക്രട്ടറിയുടെ പേരെടുത്തുപറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും റവലൂഷണറി യൂത്തും രംഗത്തെത്തിയതോടെയാണ് തര്‍ക്കം പുതിയ തലത്തിലെത്തിയത്. വടകരപോലെ സെന്‍സിറ്റീവായ സ്ഥലത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കലാപമുണ്ടാക്കാന്‍ സി.പി.എം. ശ്രമിക്കുന്നു, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ബോംബ് പൊട്ടി? സമാധാനമുണ്ടാക്കണമെന്ന് അപ്പോള്‍ മുസ്ലിംലീഗ് പറയണ്ടേ? ഉടനെ മോഹനന്‍മാഷ്, സമാധാനമുണ്ടാക്കണ്ടേന്ന്, ആര് മോഹനന്‍മാഷ്. എന്തിനാണ് മനുഷ്യരെ തമ്മില്‍ത്തല്ലിക്കാന്‍ ഇങ്ങനെ ചെയ്യുന്നത്. ആദ്യം ഈ മോഹനന്‍മാഷെ പിടിച്ച് അകത്തിട്ടാല്‍ രാജ്യത്ത് മുഴുവന്‍ സമാധാനമുണ്ടാവും. ഇവിടെമാത്രമല്ല കാസര്‍കോടും ഇങ്ങനെത്തന്നെയാണ് സി.പി.എം. ചെയ്യുന്നത്’ എന്നായിരുന്നു കെ.എം ഷാജി കോഴിക്കോട് സംസാരിച്ചത്. 


അതേ സമയം ഏറെ വിവാദത്തിലായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പി.മോഹനന്റെ മകന്റെ നേതൃത്വത്തിലുള്ള സൈബര്‍ സംഘമാണെന്നായിരുന്നു റവല്യൂഷണറി യൂത്ത് പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെ അപലപിച്ച് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം രംഗത്തെത്തി. വടകരയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കമാണ് ഷാജിയെപ്പോലുള്ളവര്‍ നടത്തുന്നതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിമര്‍ശം. സമാധാനയോഗം വിളിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയും രാഷ്ട്രീയവിവാദം കൊഴുക്കുന്നുണ്ട്.


സര്‍വകക്ഷി സമാധാനയോഗത്തോട് സി.പി.എം. അനുകൂലമായാണ് പ്രതികരിച്ചത്. സമാധാനം പുലരാന്‍ നടപടിവേണമെന്ന നിലപാടാണ് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വവും സ്വീകരിച്ചത്. എന്നാല്‍, വ്യാജ സന്ദേശം പ്രചരിപ്പിച്ച് നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിച്ചശേഷം മതി സമാധാനയോഗമെന്ന നിലപാട് യു.ഡി.എഫിനുള്ളില്‍ ഉയര്‍ന്നു. വടകരയിലെ കോണ്‍ഗ്രസും ആര്‍.എം.പി.യും ലീഗുമെല്ലാം ഈ നിലപാടിനൊപ്പമായിരുന്നു പിന്നീട്.സമാധാനയോഗമെന്നത് വ്യാജവാട്സാപ്പ് സന്ദേശ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ആസൂത്രണം ചെയ്തതാണെന്നായിരുന്നു യു.ഡി.എഫിന്റെയും ആര്‍.എം.പി.യുടെയും നിലപാട്.


സമാധാനയോഗം വിളിക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ വിളിച്ചാല്‍ അപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് യു.ഡി.എഫ്.- ആര്‍.എം.പി. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍. വേണു പ്രതികരിച്ചത്. ഇതിനിടെയാണ് സി.പി.എം. നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശവുമായി കെ.എം. ഷാജി രംഗത്തെത്തിയത്. സി.പി.എം. ലീഗുമായി ചേര്‍ന്ന് സമവായനീക്കം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലീഗ് നേതാവുതന്നെ സി.പി.എം. ജില്ലാ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. വോട്ടെണ്ണല്‍ ദിനം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ കാഫിര്‍ വിഷയം വീണ്ടും പുകയുന്നത് ക്രമസമാധാനപ്രശ്നമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. സംഭവം നടന്ന് ഏതാണ്ട് ഒരുമാസമാകാറായിട്ടും വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം പോലീസ് കണ്ടെത്തിയിട്ടില്ല.

Follow us on :

Tags:

More in Related News