Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 10:08 IST
Share News :
മുംബൈ: ഈ വർഷം അവസാനം നടക്കേണ്ട ഐപിഎൽ മെഗാ താരലേലത്തിൽ പരസ്പരം പോരടിച്ച് കിംഗ് ഖാനും നെസ് വാഡിയയും. ഓരോ ടീമുകൾക്കും എത്ര കളിക്കാരെ നിലനിർത്താൻ അനുവദിക്കണമെന്ന കാര്യം ചർച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ടീം ഉടമകളുടെ യോഗത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും പഞ്ചാബ് കിംഗ്സ് ഉടമ നെസ് വാഡിയയും തമ്മിൽ പ്രശ്നമുണ്ടായത്. ഒരു ടീമിലെ എട്ട് കളിക്കാരെ വരെ നിലനിർത്താൻ ടീമുകളെ അനുവദിക്കണമെന്ന് ഷാരൂഖ് ഖാൻ യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ നെസ് വാഡിയ ഇതിനെ എതിർത്തതാണ് ഇരുവരും തമ്മിലുള്ള വാക് പോരിന് കാരണമായത്.
അതേസമയം ടീമുകൾ ഉടച്ചുവാർക്കണമെന്ന് നെസ് വാഡിയ ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം ചാമ്പ്യൻമാരായ കൊൽക്കത്ത ടീം ഉടമയായ ഷാരൂഖും റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ടീം ഉടമയായ കാവ്യ മാരനും ഇതിനെ ശക്തമായി എതിർത്തു. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.
ഒരു ടീം കെട്ടിപ്പടുക്കാൻ ഒരുപാട് സമയം എടുക്കുമെന്നും മെഗാ താരലേലത്തിനുശേഷം ഒരു ടീം വീണ്ടും പടുത്തുയർത്തേണ്ടിവരുന്നത് ശരിയല്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ പ്രതികരിച്ചു. യുവതാരങ്ങളിൽ വലിയ നിക്ഷേപം നടത്തിയശേഷം അവരെ മറ്റ് ടീമുകൾ ലേലത്തിൽ കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ഷാരൂഖിനെ പിന്തുണച്ച് കൊണ്ട് കാവ്യ പറഞ്ഞു. അഭിഷേക് ശർമയെപ്പോലൊരു താരം മികച്ച പ്രകടനം പുറത്തെടുക്കാൻ മൂന്ന് വർഷമെടുത്തുവെന്നും മറ്റ് ടീമുകളിലും ഇതുപോലെ നിരവധി ഉദാഹരണങ്ങൾ കാണാമെന്നും കാവ്യ മാരൻ വ്യക്തമാക്കി.
എത്ര കളിക്കാരെ നിലനിർത്താം, ഓരോ ടീമിനും എത്ര തുക ചെലവഴിക്കാം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് ബിസിസിഐ ആസ്ഥാനത്ത് ടീം ഉടമകളുടെ യോഗം വിളിച്ചത്. അതേസമയം ഷാരൂഖും നെസ് വാഡിയയും കാവ്യ മാരനുമെല്ലാം യോഗത്തിന് നേരിട്ടെത്തിയപ്പോൾ മുംബൈ ഇന്ത്യൻസ് ടീം ഉടമകൾ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ടീമുകളുടെ നിർദേശങ്ങൾ ഐപിഎൽ ഭരണസമിതിക്ക് കൈമാറുമെന്ന് ബിസിസിഐ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.