Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രിട്ടിഷ് കോട്ട തകർത്ത് ഇന്ത്യൻ ഒളിംപിക് ഹോക്കി സെമിയിൽ; തിളങ്ങിയത് മലയാളി താരം ശ്രീജേഷ്‌

04 Aug 2024 16:11 IST

- Shafeek cn

Share News :

പാരിസ്: മത്സരത്തിന്റെ ഏറിയ പങ്കും 10 പേരുമായി കളിച്ചിട്ടും തകർക്കാൻ കഴിയാത്ത ചങ്കൂറ്റത്തോടെ പൊരുതിയ ഇന്ത്യ, ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ അപാര വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.


 ഷൂട്ടൗട്ടിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ഇന്ത്യയുടെ ‘സൂപ്പർമാനാ’യതോടെ കിട്ടിയത് തകർപ്പൻ വിജയവും സെമിയിൽ സ്ഥാനവും. മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച ശ്രീജേഷിനാണ് ഈ വിജയത്തിൽ പ്രധാന കയ്യടി എന്നത് സംശയമില്ല. ശ്രീജേഷിന്റെ സൂപ്പർ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മത്സരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിലും രക്ഷകനായത് ശ്രീജേഷ് തന്നെ.


കളിക്കളത്തിൽ പ്രതിരോധത്തിലെ കരുത്തൻ അമിത് റോഹിദാസ് രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽത്തന്നെ ബ്രിട്ടിഷ് താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിനാണ് റെഡ് കാർഡ് ലഭിച്ചത്. എന്നാൽ നേരത്തെ, ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (22-ാം മിനിറ്റ്) ബ്രിട്ടനായി ലീ മോർട്ടനും (27–ാം മിനിറ്റ്) നേടിയ ഗോളുകളാണ് മത്സരം നിശ്ചിത സമയത്ത് സമനിലയിൽ എത്തിച്ചത്. എന്നാൽ 52 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ഒളിംപിക്സ് വേദിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതിന്റെ ആവേശമടങ്ങും മുൻപാണ് ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യയുടെ സെമി പ്രവേശം. പൂൾ ബിയിൽ ബൽജിയത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് നിലവിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നത്.


രണ്ടാം ക്വാർട്ടറിന്റെ ആരംഭത്തിൽ അമിത് റോഹിദാസ് റെഡ് കാർഡ് കണ്ട് പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും, അതിൽനിന്ന് ഇരട്ടി കരുത്താർജിച്ച ടീമിനെയാണ് പിന്നീട് കളത്തിൽ ലോകം കണ്ടത്. പന്തുമായി മുന്നേറുന്നതിനിടെ രോഹിത്തിനെ തടയാൻ ബ്രിട്ടിഷ് താരങ്ങളായ വില്യം കൽനാനും സാക് വാലൻസും എത്തി. എന്നാൽ ഇതിൽ വില്ല്യം കൽനാന്റെ മുഖത്ത് അമിത് സ്റ്റിക്കിന് തട്ടിയതാണ് വിനയായത്. ഓൺഫീൽഡ് അംപയർ ഇതു ഗൗനിച്ചില്ലെങ്കിലും ഈ തീരുമാനം ബ്രിട്ടൻ റിവ്യൂ ചെയ്തതോടെ വിശദമായി പരിശോധിച്ച ടിവി അംപയറാണ് അമിത് റെഡ് കാർഡ് നൽകാനുള്ള കുറ്റമാണ് ചെയ്തതെന്ന് വിധിച്ചത്. അതേസമയം കാതടപ്പിക്കുന്ന കൂവലോടെയാണ് കാണികൾ റെഡ് കാർഡ് തീരുമാനത്തെ സ്വീകരിച്ചത്.

Follow us on :

More in Related News