Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 19:40 IST
Share News :
തൊടുപുഴ: ഹൈറേഞ്ചിനെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹൊറൈസണ്‍ മോട്ടോഴ്‌സ് അഖില കേരള വടംവലി മത്സരം. വെങ്ങല്ലൂരിനടുത്തുള്ള സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് ശനിയാഴ്ച നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ പ്രതിഭ പ്രളയക്കാടും വനിത വിഭാഗത്തില്‍ സഹൃദയ തൃശൂരും വിജയകിരീടം ചൂടി.
പുരുഷ വിഭാഗത്തില്‍ യുവധാര പൗണ്ട് തൃശൂര്‍, ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിത വിഭാഗത്തില്‍ നൈപുണ്യ തൃശൂര്‍, വിമല തൃശൂര്‍ ടീമുകളാണ് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനവും നേടിയത്. സുരക്ഷിതമായി വാഹനം ഓടിക്കു, ജീവന്‍ രക്ഷിക്കു എന്ന സന്ദേശവുമായി ഓള്‍ കേരള വടം വലി അസോസിയേഷനുമായി ചേര്‍ന്നാണ് വടംവലി മത്സരം നടത്തിയത്. പുരുഷവിഭാഗത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 39 ടീമുകളും വനിത വിഭാഗത്തില്‍ 8 ടീമുകളും മാറ്റുരച്ചു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് രസംകൊല്ലിയായി മഴ എത്തിയെങ്കിലും മഴ മാറിയതോടെ ഗാലറിയിലേക്ക് പുരുഷാരം ഒഴുകിയെത്തി. വടംവലിക്കുന്നവരേക്കാള്‍ ആവേശത്തിലായിരുന്നു കാണികള്‍. ആര്‍പ്പുവിളിച്ചും കൈയ്യടിച്ചും അവരും മനസുകൊണ്ട് വടം വലിക്കുകയായിരുന്നു.
മത്സരത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഇളമുറക്കാരുമായി എത്തിയ കണ്ണൂര്‍ ടീമായിരുന്നു. കൊച്ചിയിലെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് അവര്‍ തൊടുപുഴയിലെത്തിയത്. മറ്റുള്ളവരെക്കാള്‍ 40 കിലോ തൂക്കം കുറവുമായാണ് കണ്ണൂര്‍ ടീം മത്സരത്തിനിറങ്ങിയത്.
പിന്നീട് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു കണ്ണൂര്‍ ടീം മുന്നേറിയത്. അവസാനം വരെ പിടിച്ചു നിന്നെങ്കിലും ഒരാള്‍ തൂക്കം കുറവായതിനാല്‍ തൃശൂരിലെ മല്ലത്തികള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രോഫിക്ക് പുറമെ 25000 രൂപയും മുട്ടനാടുമായിരുന്നു ഒന്നാം സ്ഥാനം നേടിയ പുരുഷ ടീമിന് സമ്മാനമായി നല്‍കിയത്. 20000 രൂപയാണ് വനിതാ ടീമിന് നല്‍കിയ സമ്മാനം. സമ്മാനദാനം ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിങ് ചെയര്‍മാന്‍ ഷാജി ജെ കണ്ണിക്കാട്ട്, ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എബിന്‍ ഷാജി കണ്ണിക്കാട്ട്, ഹൊറൈസണ്‍ ഗ്രൂപ്പ് സി.ഒ.ഒ: സാബു ജോണ്‍, ഹൊറൈസണ്‍ മോട്ടോഴ്‌സ് ഗ്ലോബല്‍ സി.ഇ.ഒ: അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആകെ രണ്ടു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
മത്സരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ഉദ്ഘാടനം ചെയ്തു.ക്രൈംബ്രാഞ്ച് എറണാകുളം എസ്.പി : വി.യു കുരിയാക്കോസ് വിശിഷ്ടാതിഥിയായിരുന്നു. ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിങ് ചെയര്‍മാന്‍ ഷാജി ജെ. കണ്ണിക്കാട്ട് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ല പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി ആമുഖപ്രസംഗം നടത്തി. മഞ്ഞള്ളൂര്‍ പഞ്ചായത്ത് മെമ്പര്‍ കെ.വി സുനില്‍, ഹൊറൈസണ്‍ മോട്ടോഴ്‌സ് ഗ്ലോബല്‍ സി.ഇ.ഒ അലക്‌സ് അലക്‌സാണ്ടര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ തൊടുപുഴ പ്രസിഡന്റ് രാജു തരണിയില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് വിങ് തൊടുപുഴ പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സോക്കര്‍ സ്‌കൂള്‍ പ്രസിഡന്റ് സലിം കുട്ടി, ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എബിന്‍ ഷാജി കണ്ണിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.