Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 22:44 IST
Share News :
കൊണ്ടോട്ടി: നഗരസഭ അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിലുള്ള അസ്വസ്ഥത നിലനിൽക്കുമ്പോഴും ഉപാധ്യക്ഷ പദവിക്ക് വേണ്ടി മാറിയ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു. ആരോഗ്യ, ക്ഷേമകാര്യ, വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ ഓരോ ഒഴിവിലേക്കായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. വൈസ് ചെയർമാനായ അശ്റഫ് മടാന്‍ രാജിവെച്ച ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഒഴിവിലേക്ക് കെ പി ഫിറോസിനെ തിരഞ്ഞെടുക്കുക, കെ കെ റഷീദ് രാജിവെച്ച ആരോഗ്യ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ പി സനൂപിനെ തിരഞ്ഞെടുക്കുക, കെപി ഫിറോസ് ഒഴിഞ്ഞ വികസന കമ്മിറ്റിയിലേക്ക് കെ കെ റഷീദിനെ തിരഞ്ഞെടുക്കുക എന്നിങ്ങനെയായിരുന്നു നിയോജകമണ്ഡലം മുസ്ലിം ലീഗ്, മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചിരുന്നത് . എന്നാൽ, വൈസ് ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ഒരേ ഗ്രൂപ്പിന് തന്നെ നൽകുന്ന ഭാരവാഹികളുടെ തീരുമാനമാണ് വിമത പക്ഷത്തെ ചൊടിപ്പിച്ചത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ മൂന്നാം വാർഡ് കൗൺസിലർ വി കെ ഖാലിദിനെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കുന്നതിനായി ആ കമ്മിറ്റിയിൽ നിന്നുള്ള നാലാം വാർഡ് കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടി സെക്രട്ടറി മുമ്പാകെ രാജിക്കത്ത് നൽകി. തുടർന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗത്വത്തിലേക്ക് മൂന്നാം വാർഡ് കൗൺസിലർ വിപ്പ് ലംഘിച്ച് നോമിനേഷൻ നൽകിയത് ഔദ്യോഗിക പക്ഷത്തെ സമ്മർദ്ദത്തിലാക്കി. ഏറെ നേരത്തെ ചർച്ചയ്ക്ക് ശേഷം വരും ദിവസങ്ങളിൽ തീരുമാനമെടുക്കാം എന്ന ഉറപ്പിന്മേൽ നോമിനേഷൻ പിൻവലിപ്പിക്കുകയാണ് ഉണ്ടായത്. ആരോഗ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് ഉടൻതന്നെ വിജ്ഞാപനമിറക്കും. അതിനു മുന്നേ വിമത ശല്യം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുസ്ലിം ലീഗ് ഭാരവാഹികൾ. ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകുമ്പോൾ ഇതുവരെ കോൺഗ്രസ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും കൂടി കോൺഗ്രസിന് നൽകുന്നതിലും ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. ഏതായാലും പുറമെ ശാന്തമാണെങ്കിലും ഒന്നിന് പിറകെ മറ്റൊന്നായി ഭരണപക്ഷത്തെ പ്രതിസന്ധി കൂടി വരികയാണ്.
Follow us on :
Tags:
Please select your location.