Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജർമ്മനി തുടങ്ങി

15 Jun 2024 03:23 IST

Saifuddin Rocky

Share News :

യൂറോ കപ്പ് ഫുട്ബോളിൽ ആതിഥേയരും മുൻ ചാമ്പ്യൻമാരുമായ ജർമനിക്ക് വമ്പൻ ജയത്തോടെ തുടക്കം. മ്യൂണിക്കിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സ്കോട്ട്ലാൻഡിനെയാണ് ജർമ്മനി തകർത്തു വിട്ടത്. ഫ്ലോറിയൻ വിട്സ് (10'), ജമാൽ മുസിയാള (19), കെയ്‌ ഹാവെർട്സ്(പെനാൾട്ടി 45+1'), ഫുൾക്രഗ് (68'), എംറെ കാനെ (90+3') എന്നിവർ ജർമനിക്കായി ലക്ഷ്യം കണ്ടപ്പോൾ റൂഡിഗറുടെ സെൽഫ് ഗോൾ (87') ആണ് സ്കോട്ടിഷ് അക്കൗണ്ടിലെത്തിയത്.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച ആതിഥേയർ എല്ലാ പൊസിഷനിലും പഴുതടച്ചു കൊണ്ടുള്ള ആക്രമണ രീതിയാണ് കൈ കൊണ്ടത്. ഒന്ന് പൊരുതാൻ പോലുമാവാതെയാണ് സ്കോട്ടിഷുകാർ കീഴടങ്ങിയത്. അതിനിടയിൽ കളിയുടെ ഒന്നാം പകുതിയിൽ സ്കോട്ലാണ്ടിന്റെ റയാൻ പോർടിയുസ് (44') ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയത് അവരുടെ ആക്രമണ മനോവീര്യത്തെ കെടുത്തിയിരുന്നു.

കളിയുടെ ആദ്യ നിമിഷത്തിൽ തന്നെ വിട്സിന്റെ ഗോളെന്നുറച്ച ഷോട്ട് സ്കോട്ടിഷ് ഗോളി ഗണ്ണിനെ പരീക്ഷിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്. എന്നാൽ, പത്താം മിനിറ്റിൽ തന്നെ ഫ്ലോറിയൻ വിറ്റ്സ് അതിന് പ്രതിവിധി കണ്ടെത്തി. സ്വന്തം ഹാഫിൽ നിന്നെത്തിയ പന്ത് കിമ്മിച്ചിന്റെ കാലുകളിൽ എത്തിയപ്പോൾ സുന്ദരമായ കണക്ട് പാസിലൂടെ വിട്സിലേക്ക് തള്ളിയിടുകയും വിട്സ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. 1-0.

19 ആം മിനിറ്റിൽ പന്തുമായി മുന്നേറിയ ഹാവെർട്സ് സ്കോട്ടിഷ് പ്രതിരോധത്തെ മറി കടന്ന് മുസിയാളക്ക് നൽകുകയും മുസിയാള അതിലൂടെ ഗോളിലേക്ക് പായിക്കുകയും ചെയ്തു. 2-0.

26 ആം മിനിറ്റിൽ ജർമനിക്ക് അനുകൂലമായ പെനാൾട്ടി ലഭിച്ചെങ്കിലും റഫറി അത് അനുവദിച്ചില്ല. ഇതിനിടയിൽ പെനാൾട്ടി ശക്തമായ ടാക്ലിങ് നടത്തിയ സ്കോട്ലാൻഡ് താരം റയാൻ പോർടിയുസിന് ചുവപ്പ് കാർഡ് കിട്ടിയതോടെ സ്കോട്ടിഷുകാർ പത്തു പേരായി ചുരുങ്ങുകയും ചെയ്തു. ജർമ്മനിക്ക് അനുകൂലമായി ലഭിച്ച പെനാൾട്ടി ഹാവെർട്സ് ഗോളാക്കി,3-0.

രണ്ടാം പകുതിയിലും കാര്യമായ മുന്നേറ്റം നടത്താൻ സ്കോട്ടിഷുകാർക്ക് കഴിഞ്ഞില്ല. ജർമനിക്കും കളിയിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, 63 ആം മിനിറ്റിലെ ജർമനിയുടെ തീരുമാനം പിന്നീട് കളിയിലേക്ക് തിരിച്ചു വരാൻ അവരെ സഹായിച്ചു. ഹാവെർട്സിന് പകരം സാനെയും വിട്സിന് പകരം ഫുൾക്രഗും കളിക്കളത്തിലിറങ്ങിയതോടെ ജർമനിക്കാർ ടോപ് ഗിയറിൽ കുതിച്ചു.68 ആം മിനിറ്റിലെ ഫുൾക്രഗിന്റെ മനോഹരമായ ലോങ്ങ്‌ റേഞ്ച് ഷോട്ടിന്റെ ശക്തിയെ തടയിടാൻ ഗോളി ഗണ്ണിന് സാധിക്കാതെ പോയി. സ്കോർ ജർമ്മനി -4,സ്കോട്ലാൻഡ് -0. റോബർട്സണിന്റെ ഗോൾമുഖത്തേക്കുള്ള ഫ്രീകിക്ക് ഭേദിക്കാൻ ജർമൻ ഡിഫണ്ടർമാർ പെനാൾട്ടി ബോക്സിൽ ശ്രമിക്കുന്നതിടെയാണ് റൂഡിഗറിന്റെ തലയിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് പായുന്നത്. ജർമനി -4,സ്കോട്ലാൻഡ് -1. കളിയുടെ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴാണ് വെറ്ററൻ താരം തോമസ് മുള്ളറുടെ അളന്നു മുറിച്ച പാസ്സ് എംറേ കാനെ പോസ്റ്റിലേക്ക് പായിക്കുന്നത്. അതോടെ കളി 5-1 ന് ജർമ്മനി സ്വന്തമാക്കുകയായിരുന്നു.

കളിയുടെ ഒരു ഘട്ടത്തിലും ജർമനിയെ പിടിച്ചു കെട്ടാൻ സ്കോട്ലാൻഡിനായില്ല. 73 ശതമാനം ബോൾ പൊസഷൻ ജർമനിക്കായിരുന്നു. ജർമ്മനി 20 ഷോട്ടുകൾ പായിച്ചപ്പോൾ

സ്കോട്ലാൻഡ് വെറും ഒരു തവണ മാത്രമേ ജർമൻ ഗോൾമുഖത്തേക്ക് പന്തടിച്ചുള്ളൂ. അതിൽ 10 തവണ ടാർഗറ്റ് ലക്ഷ്യമാക്കി ജർമ്മനി പന്തുതിർത്തുവെങ്കിൽ ഒന്ന് പോലും ജർമനിയുടെ ഗോൾ കീപ്പർ മാനുവൽ ന്യൂയറെ പരീക്ഷിക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല.

അടുത്ത ബുധനാഴ്ച ജർമ്മനി ഹംഗറിയെയും സ്കോട്ലാൻഡ് സ്വിറ്റ്സർലാണ്ടിനെയും നേരിടും..


ഫോട്ടോ : സ്കോട്ലാൻഡിനെതിരെ ഗോൾ നേടിയ ജമാൽ മുസിയാളയുടെ ആഹ്ലാദം

Follow us on :

More in Related News