Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 22:43 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയുടെ പ്രഥമ ഇ അഹമ്മദ് സ്മാരക പ്രതിഭ പുരസ്കാരത്തിന് ഫുട്ബോൾ താരം അനസ് എടത്തൊടിക തെരഞ്ഞെടുക്കപ്പെട്ടതായി ചെയർ പേഴ്സൺ നിതാ ഷഹീർ അറിയിച്ചു. 25000 രൂപയും പ്രശംസാ പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. കൊണ്ടോട്ടി നഗരസഭയുടെ വികസന പദ്ധതിയിലെ സാംസ്കാരിക മേഖലയിൽ ഉൾപ്പെടുത്തിയാണ് പുരസ്കാരം വിഭാവനം ചെയ്തിട്ടുള്ളത്. കൊണ്ടോട്ടിയുടെ നാമം ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ രേഖപ്പെടുത്തിയ അന്താരാഷ്ട്ര ശ്രദ്ധേയനായ ഫുട്ബോൾ താരമാണ് മുണ്ടപ്പലം സ്വദേശി അനസ് എടത്തൊടിക. മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം പ്രദേശത്തെ ലോക്സഭ അംഗവുമായിരുന്ന ഇ അഹമ്മദിന്റെ സ്മരണാർത്ഥം നഗരസഭാ പരിധിയിൽ ദേശീയ സംസ്ഥാന തലത്തിൽ സാംസ്കാരിക സാമൂഹിക കലാമേഖലകളിൽ ശ്രദ്ധേയരായ വ്യക്തികൾക്ക് പുരസ്കാരം നൽകുന്നതിനാണ് പദ്ധതി വെച്ചിട്ടുള്ളത്. നഗരസഭ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ, വിദ്യാഭ്യാസ സാംസ്കാരിക സ്ഥിരം സമിതി അധ്യക്ഷ റംല കൊടവണ്ടി, സാംസ്കാരിക പ്രവർത്തകരായ മുസ്തഫ മുണ്ടപ്പലം, സുരേഷ് നീറാട്, ഹസീബ് റഹ്മാൻ പി വി എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം അവസാനം പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
അനസ് എടത്തൊടിക: കൊണ്ടോട്ടിക്കാരുടെ സ്വന്തം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ
കൊണ്ടോട്ടി മുണ്ടപ്പലത്ത് പരേതരായ എടത്തൊടിക മുഹമ്മദ് - ഖദീജ ദമ്പതികളുടെ നാല് മക്കളിൽ ഏറ്റവും ഇളയവനായി 1987 ഫെബ്രുവരി 15 ന് ജനനം.
മുണ്ടപ്പലം എൽ.പി സ്കൂൾ, കൊണ്ടോട്ടി കാന്തക്കാട് ജി യു പി സ്കൂൾ, കൊണ്ടോട്ടി ഇ എം ഇ എ ഹയർ സെക്കണ്ടറി സ്കൂൾ, മഞ്ചേരി എൻ എസ് എസ് കോളേജ്, കൊണ്ടോട്ടി ഇ എം ഇ എ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഫുട്ബോൾ ജീവിതം
നാട്ടിൽ ക്രിക്കറ്റ് ബാറ്റും ബോളുമായി നടന്ന എൽ പി, യു പി കാലം കഴിഞ്ഞ് ഇ.എം.ഇ.എ ഹയർസെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്ന ഇൻട്രാമുറൽ (ഹൗസ് മത്സരം) ടൂർണ്ണമെൻ്റിൽ ഒരു ഹൗസിൻ്റെ ഗോൾകീപ്പറായി വെള്ളമുണ്ടും
വെള്ള കുപ്പായവുമിട്ട് നഗ്നപാദനായി കളിച്ചു കൊണ്ടിരുന്ന അനസിൻ്റെ കാലിലെ ബോൾ കോൺടാക്ടും ക്ലിയറിംഗുകളും തൻ്റെ സോഷ്യൽ സയൻസ് അധ്യാപകനും ഏക സഹോദരൻ അഷ്റഫിൻ്റെ സഹപാഠിയും സുഹൃത്തുമായ സി ടി അജ്മലിൻ്റെ ശ്രദ്ധയിൽ പെട്ടതാണ് ക്രിക്കറ്റ് ഭ്രമം വിട്ട് അനസിൻ്റെ ഫുട്ബോളിലേക്കുള്ള വഴിത്തിരിവ്.
1983ൽ സ്ഥാപിതമായ കൊണ്ടോട്ടി ഇ എം ഇ എ സ്കൂളിൽ 2002ലാണ് ആദ്യമായി ഫുട്ബോൾ ടീം രൂപീകരിക്കപ്പെട്ടത്. അന്ന് പത്താം ക്ലാസ്സുകാരനായിരുന്ന അനസ് പതിനൊന്നിലും പന്ത്രണ്ടിലും പഠിക്കുന്നവരുടെ കൂടെ ടീമിൽ ഇടം നേടിയതാണ് ഔദ്യോഗിക ഫുട്ബോൾ ജീവിതത്തിൻ്റെ തുടക്കം. സ്കൂളിൽ നിന്ന് ആദ്യമായി മലപ്പുറം വിദ്യാഭ്യാസ ജില്ലാ ടീമിൽ ഇടം നേടിയ മൂന്ന് പേരിൽ ഒരാൾ അനസായിരുന്നു. ആ വർഷം തന്നെ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബിന് വേണ്ടി മലപ്പുറം ജില്ലാ ലീഗ് ഫുട്ബോളിൽ കളിച്ചു കൊണ്ട് അസോസിയേഷൻ ഫുട്ബോളിലും ശ്രദ്ധയാകർഷിച്ചു, തുടർന്ന് രണ്ട് വർഷം കൂടി നെഹ്റു യൂത്ത് ക്ലബ്ബിന് വേണ്ടി ജില്ലാ ലീഗിൽ തുടർന്നു. പന്ത്രണ്ടാം ക്ലാസ്സിലാകുമ്പോൾ സ്കൂൾ ടീമിൻ്റെ ക്യാപ്റ്റനായി. സ്കൂളിലെ നാല് വർഷത്തെ പരിശീലന കാലത്തിനിടയ്ക്ക് അനസിനെ തൻ്റെ അധ്യാപകൻ സി ടി അജ്മൽ ഗോൾ കീപ്പറല്ലാത്ത മറ്റെല്ലാ പൊസിഷനുകളിലും പരീക്ഷിച്ചു. എല്ലാ പൊസിഷനിലും താൻ ഫിറ്റെന്ന് അനസും തെളിയിച്ചു കൊടുത്തു. പന്ത്രണ്ടിൽ പഠിക്കുമ്പോൾ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ ഫുട്ബോളിൽ മലപ്പുറം റവന്യൂ ജില്ലാ അണ്ടർ 19 ടീമിന് വേണ്ടി കളിച്ചതാണ് സംസ്ഥാന ഫുട്ബോളിലെ അരങ്ങേറ്റം.
പ്ലസ്ടു പൂർത്തിയാക്കിയ 2006 ൽ നിർഭാഗ്യവശാൽ താൻ ഉദ്ദേശിച്ച ഒരു കലാലായത്തിൽ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ നിരാശനാകാതെ തൻ്റെ പ്രഥമ ഫുട്ബോൾ പരിശീലകൻ്റെ നിർദ്ദേശാനുസരണം മഞ്ചേരി എൻ എസ് എസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായി. മഞ്ചേരി എൻ എസ് എസ് കോളേജ് ചരിത്രത്തിലാദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യന്മാരാപ്പോൾ സെമിഫൈനൽ വരെ ടീമിന് വേണ്ടി സെൻ്റർ മിഡ്ഫീൽഡറായും ഫൈനലിൽ ഒരു നിർണ്ണായക ഘട്ടത്തിൽ സ്റ്റോപ്പർ ബാക്കായും പൊരുതിയ അനസ് തനിക്ക് അവസരം തന്ന കലാലയ ത്തോടുള്ള കടമ ഭംഗിയായി നിർവ്വഹിച്ചു.
അനസ് ദേശീയ താരം
മഞ്ചേരി എൻ.എസ്.എസ് കോളേജ് ഒന്നാം വർഷ യു.ജി വിദ്യാർത്ഥിയായിരിക്കെ ഗ്രൗണ്ടിൽ താൻ കാണിച്ച ഓൾറൗണ്ട് മികവ് അനസിനെ കേരളാ അണ്ടർ 21യൂത്ത് ഫുട്ബോൾ ടീമിലെത്തിച്ചു. തമിഴ്നാട് മധുരയിൽ നടന്ന ദേശീയ സൗത്ത് സോൺ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം ചൂടുകയും ചെയ്തു.
പിറ്റേ വർഷം, 2007 ൽ, അനസിലെ പ്രതിഭ മനസ്സിലാക്കിയ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൻ്റെ ഫുട്ബോൾ പരിശീലകനായി പ്രവർത്തിച്ചിരുന്ന മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫിറോസ് ഷരീഫ് ഇ.എം.ഇ.എ കോളേജിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് അനസ് എൻ.എസ്.എസ് കോളേജ് വിട്ട് ഇ.എം.ഇ.എ കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിയായി ചേർന്നു.ദിവസങ്ങൾക്കകം ഫിറോസ് ഷരീഫ് അനസിനെ മുബൈ എഫ്.സി ടീമിൻ്റെ സെലക്ഷൻ ട്രയൽസിനയച്ചു.
ഇത് അനസിൻ്റെ ഫുട്ബോളിലെ ഏറ്റവും വലിയ വഴിത്തിരിവായി.
2008 ൽ അനസ് മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ അരങ്ങേറി എന്നു മാത്രമല്ല ഒരു മത്സരത്തിൽ കേരളത്തിനെതിരെയും കളിച്ചു. പ്രതിഭ മനസ്സിലാക്കി പിറ്റേ വർഷം കൊൽക്കത്തയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിക്കാൻ കേരളാ ഫുട്ബോൾ അസോസിയേഷൻ അനസിനെ ക്ഷണിച്ചു വരുത്തി കളിപ്പിച്ചു.
പിന്നീടങ്ങോട്ട് ഏകദേശം പത്ത് പതിമൂന്ന് വർഷക്കാലം അനസ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരങ്ങളിൽ ഒരാളായി അരങ്ങു തകർക്കുന്നതാണ് കാണാനായത്. പൂണെ എഫ് സിക്ക് വേണ്ടി ഐ ലീഗിലും, എ എഫ് സി ക്ലബ്ബ് ചാമ്പ്യൻഷിപ്പിലും, ഡൽഹി ഡൈനാമോസിന് വേണ്ടി ഐ എസ് എല്ലിൽ രണ്ട് തവണയും കളിച്ചു. ഡൽഹി ഡൈനാമോസിൻ്റെ പരിശീലകനായിരുന്ന ലോക ഫുട്ബോൾ ഇതിഹാസം ബ്രസീലിന്റെ റോബർട്ടോ കാർലോസ് എടുത്ത് പറഞ്ഞ ഒരേ ഒരു ഇന്ത്യൻ ഫുട്ബോൾ പ്രതിഭ അനസായിരുന്നു. എ ടി കെ മോഹൻ ബഗാൻ, ജംഷഡ്പൂർ എഫ് സി, കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി, ഗോകുലം കേരളാ എഫ് സി ടീമുകൾക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ലീഗിലും, ഐ എസ് എല്ലിലും ഐ ലീഗിലുമായി ബൂട്ടണിഞ്ഞു.
അന്തർ ദേശീയ താരം അനസ് എടത്തൊടിക
തൻ്റെ പ്രൊഷണൽ കരിയർ തുടങ്ങിയ 2007 മുതൽ തന്നെ പല തവണ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായെങ്കിലും പരിക്കും മറ്റുമായി ക്യാമ്പ് വിടേണ്ടി വന്നിരുന്ന അനസിന് തൻ്റെ പ്രൊഫഷണൽ കരിയറിലെ ഒമ്പതാം വർഷം 2016 മാർച്ച് 22 നാണ് ഇന്ത്യൻ ടീമിന് വേണ്ടി ആദ്യമായി കളിക്കാനായത്. 2016 മുതൽ 2022 വരെ അനസ് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി തുടർന്നു. ഇടയ്ക്ക് 2019 ഏഷ്യൻ കപ്പിൽ ബഹറിനുമായി നടന്ന അത്യുജ്ജ്വല മത്സരത്തിൻ്റെ അവസാന നിമിഷം വീണ ഒരു ഗോൾ പരാജയത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെയും പുതിയ വിദേശകോച്ചിൻ്റെയും അഭ്യർത്ഥന മാനിച്ച് തിരിച്ചു വന്ന അനസ് 2022 വരെ രാജ്യത്തിന് വേണ്ടി കളിതുടർന്നു. 21 അന്താരാഷ്ട്ര മത്സരങ്ങളാണ് അനസ് കളിച്ചത്. അനസ് മുഴുസമയം പ്രതിരോധം തീർത്ത ഈ മത്സരങ്ങളിൽ ഏറെയും ക്ലീൻചിറ്റും ഇന്ത്യൻ ജയവുമായിരുന്നു ഫലം.അവസാനമായി കളിച്ചത് കേരള സൂപ്പർ ലീഗിൽ മലപ്പുറം എഫ് സി ക്ക് വേണ്ടിയാണ്.
2022 മുതൽ പ്രൊഫഷണൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.
*
പ്രധാന വ്യക്തിഗത ഫുട്ബോൾ അവാർഡുകൾ
1) ഇന്ത്യൻ ഇൻ്റർ നാഷണൽ പ്ലയേഴ്സ് അസോസിയേഷൻ്റെ പ്ലയർ ഓഫ് ഇന്ത്യ അവാർഡ് -2016
2) ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ ജർദയിൽ സിങ് ബെസ്റ്റ് ഡിഫൻ്റർ അവാർഡ്
3) പൂണെ എഫ്.സിയുടെ അയേൺ മാൻ അവാർഡ്
പ്രധാന നേട്ടങ്ങൾ
രാജ്യത്തിനൊപ്പം
1) കോണ്ടിനെൻ്റൽ കപ്പ് അന്തർ ദേശീയ ടൂർണ്ണമെൻ്റ് കിരീടം 2017, 2018
2) ഏഷ്യൻ കപ്പ് യോഗ്യത 2018
3) ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിസ്റ്റ് 2019
ക്ലബ്ബിനൊപ്പം
4) ഐ എസ് എൽ ചാമ്പ്യൻസ് ട്രോഫി (എ ടി കെ മോഹൻ ബഗാൻ)
5) ഐ എസ് എൽ ഷീൽഡ് (ജംഷഡ്പൂർ എഫ് സി)
5) ഫെഡറേഷൻ കപ്പ് റണ്ണർ അപ്പ് (മോഹൻ ബഗാൻ)
6) ഐ.ലീഗ് റണ്ണർ അപ്പ് (മോഹൻ ബഗാൻ)
7) ഐ-ലീഗ് സെക്കൻ്റ് ഡിവിഷൻ ചാമ്പ്യൻമാർ 2008 (മുംബൈ എഫ് സി)
കേരളത്തിനൊപ്പം
8) സന്തോഷ് ട്രോഥി സെമി ഫൈനലിസ്റ്റ് 2010
9) ദേശീയ യൂത്ത് ഫുട്ബോൾ സോണൽ ചാമ്പ്യൻസ് 2006
ആഭ്യന്തര നേട്ടങ്ങൾ
10) കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ കിരീടം 2006 (എൻ എസ് എസ് കോളേജ് മഞ്ചേരി)
11) കേരളാ സ്റ്റേറ്റ് അണ്ടർ 21 യൂത്ത് ഫുട്ബോൾ കിരീടം 2006 (മലപ്പുറം ജില്ലാ ടീം)
Follow us on :
Tags:
More in Related News
Please select your location.