Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 01:24 IST
Share News :
കുന്ദമംഗലം: കുരിക്കത്തൂർ പടിഞ്ഞാറേകുഴിമയിൽ വാടകവീട്ടിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബേബി സതീഷ് വാടകയ്ക്ക് നൽകിയ വീട്ടിലാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം ഉണ്ടായത്. ശക്തമായ ശബ്ദം കേട്ട് പ്രദേശവാസികൾ പുറത്തേക്ക് എത്തിയപ്പോഴാണ് വീട്ടിൽ വലിയ അപകടം സംഭവിച്ചതായി മനസ്സിലായത്. വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ടുപേർ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അറിയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ടിൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്.
പടക്ക നിർമ്മാണത്തിനിടെ പടക്കം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും സാമഗ്രികളും കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. വീടിന്റെ മുറ്റത്ത് പടക്ക നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പനോലയും മറ്റ് സാധനങ്ങളും വലിയ തോതിൽ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ആറുമാസം മുമ്പാണ് ഇവർ വീട് വാടകയ്ക്ക് എടുത്ത് ഇവിടെ താമസം ആരംഭിച്ചതെന്നാണ് വിവരം. മരം മുറിക്കുന്ന ജോലിയാണെന്നാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങൾ വീട്ടുടമയ്ക്കോ അയൽവാസികൾക്കോ വ്യക്തമായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അയൽവാസികൾ പറയുന്നതനുസരിച്ച് വിഷ്ണു, വിഷ്ണുവിൻ്റെ ഭാര്യ സിമി, സിമിയുടെ അച്ഛൻ, അമ്മ, സഹോദരൻ രാഹുൽ, വിഷ്ണുവിൻ്റെ സുഹൃത്ത് രാഹുൽ, രാഹുലിൻ്റെ ഭാര്യ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് അറിയുന്നു.
സംഭവത്തെ തുടർന്ന് ഐ.ജി രാജ്പാൽ മീണ, കമ്മീഷണർ മെറിൻ ജോസഫ്, അസി. കമ്മീഷണർ ബിജു, കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. കിരൺ എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പോലീസ് സ്ഥലത്ത് പരിശോധന നടത്തി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് ശേഷമാണ് ഇവിടെ അനധികൃതമായി പടക്ക നിർമ്മാണം നടന്നിരുന്നെന്ന സംശയം ശക്തമായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചതായും സമീപ പ്രദേശങ്ങളിൽ വരെ സ്‌ഫോടന ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
Follow us on :
More in Related News
Please select your location.