Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 08:25 IST
Share News :
കല്‍പറ്റ: തെരഞ്ഞെടുപ്പില്‍ പോരാട്ടം വ്യക്തികള്‍ തമ്മിലല്ല രാഷ്ട്രീയ നിലപാടുകള്‍ തമ്മിലാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വയനാട് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല ജനവിഭാഗങ്ങളോടുള്ള പ്രതിബന്ധതയില്‍ ഊന്നിയ രാഷ്ട്രീയമാണ് ഇടതുപക്ഷം പിന്തുടരുന്നത്. ഇടതുപക്ഷ അടിത്തറ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമം. ഇത്തരം ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പരിലാളനകള്‍ അവര്‍ ആസ്വദിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും നേരിട്ടെത്തി ഇടതുപക്ഷത്തിനെതിരെ വയനാട്ടില്‍ മത്സരിക്കുന്നവര്‍ നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. ഇതിനെ ശക്തമായി തന്നെ നേരിടാന്‍ ഇടതുപക്ഷത്തിന് കഴിയും. ഇന്ദിരാഗാന്ധിയും രാഹുല്‍ഗാന്ധിയും തോറ്റത് ചരിത്രരേഖയാണെന്നും അത് വയനാട്ടില്‍ അസാധ്യമല്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയെ നേരിടാൻ ചാഞ്ചാട്ടമില്ലാത്ത നിലപാട് വേണം. അത് കോണ്‍ഗ്രസിനില്ലെന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമുണ്ട്. ദേശീയരാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്. അതിനെ ശക്തിപ്പെടുത്താന്‍ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്തു വർദ്ധിക്കണം. സാമ്പത്തികനയം, സംസ്ഥാനങ്ങളോടുള്ള വിവേചനം, ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരായ ആക്രമണം, വിലക്കയറ്റം, കർഷകപ്രതിഷേധം, വർഗീയത തുടങ്ങിയ വിഷയങ്ങളിലൊന്നും കോൺഗ്രസ് ഇതുവരെ വ്യക്മതായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിലെല്ലാം ഇടതുപക്ഷത്തിന് വ്യക്തമായ കാഴ്‌ചപ്പാട് മാത്രമല്ല നിരന്തരമായ പോരാട്ടം തുടരുന്നുമുണ്ട്. ബിജെപിയെ എതിര്‍ത്തു തോൽപിക്കണമെന്ന് കോൺഗ്രസ് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടായിരുന്നുവെങ്കില്‍ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നു. ഇന്ത്യാമുന്നണിയെ വിശ്വാസത്തിലെടുക്കാതെ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസിന് സ്വീകരിച്ചത്. ഇന്ത്യാമുന്നണിയെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച് ബിജെപിയെ എതിര്‍ക്കുന്ന ഇടതുപക്ഷത്തെ ദുർബലമാക്കാനാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ കേരളം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യഥാര്‍ത്ഥമുഖം അവരുടെ അണികള്‍ തിരിച്ചറിയുന്നതിന്റെ ഫലമാണ് പാലക്കാടും ചേലക്കരയും അടക്കം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറികള്‍. വയനാട്ടില്‍ ദുരന്തം ഇവിടെ ഉണ്ടായപ്പോൾ പോലും ഈ നാടിനുവേണ്ടി ശബ്ദിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ല. കേരളത്തോടുള്ള കേന്ദ്ര അവഗണനയിലും യുഡിഎഫുകാര്‍ എതിർപ്പുയർത്തിയില്ല. അതിന്റെ ആവർത്തനമാകും നിലവിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചാലും ഉണ്ടാകാന്‍ പോകുന്നതെന്നും വയനാട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി വന്‍ വിജയം നേടുമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, വനംമന്ത്രി എ കെ ശശീന്ദ്രന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ ഇ ഇസ്മയില്‍, ഐഎല്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ, എല്‍ഡിഎഫ് നേതാക്കളായ ജോസ് തെറ്റയില്‍, വി കുഞ്ഞാലി, എ ജെ ജോസഫ്, അബ്ദുള്‍ അസീസ്, ഷാജി കണമല തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സികെ ശശീന്ദ്രന്‍ സ്വാഗതവും കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു നന്ദിയും പറഞ്ഞു. മന്ത്രിമാരായ ജി ആര്‍ അനില്‍, ഒ ആര്‍ കേളു, എംഎല്‍എമാരായ കെ കെ ശൈലജ, ഇ കെ വിജയന്‍, വാഴൂര്‍ സോമന്‍, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, പി സന്തോഷ് കുമാര്‍ എംപി തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
Follow us on :
Please select your location.