Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മറവൻതുരുത്തിലെ ഇരട്ട കൊലപാതകം; ഭാര്യയും ഭാര്യാമാതാവും യുവാവിനെ അവഗണിക്കുന്നതിലുള്ള പ്രകോപനത്തെ തുടർന്ന്.

05 Nov 2024 13:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്തിലെ ഇരട്ട കൊലപാതകം യുവാവിനെ ഭാര്യയും ഭാര്യാമാതാവും അവഗണിക്കുന്നതിലുള്ള പ്രകോപനത്തെ തുടർന്ന് എന്ന് മൊഴി. തിങ്കളാഴ്ച രാത്രി 7.30 ഓടെ മറവൻതുരുത്ത് വാളോർമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 

5-ാം വാർഡിൽ മൂലേപ്പറമ്പിൽ

(ശിവപ്രസാദം വീട്ടിൽ) ഗീത (58), മകൾ ശിവപ്രിയ (33) എന്നിവരെയാണ് മരുമകൻ വൈക്കം നേരേ കടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) അതിദാരുണമായി കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 3 മണിയോടെ മറവൻതുരുത്തിലെ വീട്ടിൽ എത്തിയ യുവാവ് ആദ്യം ഭാര്യാമാതാവിനെ മുറിയിലെ കട്ടിലിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു. തുടർന്ന് വൈക്കത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയ ഭാര്യ ശിവപ്രിയ വൈകിട്ട് വീട്ടിൽ തിരികെ എത്തുന്നത് വരെ യുവാവ് വീട്ടിൽ ഇരിക്കുകയായിരുന്നു. ഭാര്യ മുറിയിലേക്ക് കയറിയപ്പോയ ഉടൻ പിന്നാലെ എത്തി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഭാര്യയെ കുത്തുന്നതിനിടെ യുവാവിൻ്റെ കൈക്കും സാരമായി മുറിവേറ്റു.സംഭവത്തിന് ശേഷം നേരെ കടവിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു വന്ന നിധീഷിനെ കണ്ട് ബന്ധുവിവരം തിരക്കിയത്. സംഭവം മനസ്സിലാക്കിയ ബന്ധുവാണ് തലയോലപ്പറമ്പ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്‌. നിതീഷിന്റെ കയ്യിൽ ആഴത്തിൽ മുറിവുപറ്റിയതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയ ശേഷം ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനിൽ തിരികെ എത്തിക്കുയായിരുന്നു.

ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ്, വൈക്കം ഡിവൈഎസ്പി 

സിബിച്ചൻ ജോസഫ്, തലയോലപ്പറമ്പ് എസ്.എച്ച് ഓ വിപിൻ ചന്ദ്രൻ ,

എസ് ഐ പി.എസ് സുധീരൻ ഉൾപ്പടെ പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി സംഭവസ്ഥലത്തെത്തി അന്വോഷണം നടത്തിയിരുന്നു.

ഒന്നര വർഷം മുമ്പ് വിദേശത്ത് നിന്ന് അവധിക്കെത്തിയ ഗീതയുടെ മകൻ ശിവപ്രസാദ് വല്ലകത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് ശിവപ്രിയ ഗീതയ്ക്കൊപ്പം മറവൻതുരുത്തിലായിരുന്നു താമസിച്ചിരുന്നത്. യുവാവിൻ്റെ മാതാവ് രോഗാവസ്ഥയിലായതിനാൽ മറ്റൊരു ബന്ധുവീട്ടിലാണ് താമസം.

ശിവപ്രിയ ഭർതൃഗൃഹത്തിലേക്ക് പോകാൻ കൂട്ടാക്കിയിരുന്നില്ല. ഗീതയും മകളുടെ പക്ഷത്തായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.

ഉദയനാപുരത്ത് പപ്പട കച്ചവടം നടത്തുകയായിരുന്നു നിധീഷ്. കച്ചവടം കഴിഞ്ഞ് സ്കൂട്ടറിൽ ഉദയനാപുരത്തുള്ള അംഗനവാടിയിൽ പഠിക്കുന്ന മകൾ ശിവാനിയെയും കൂട്ടി മറവൻതുരുത്തിൽ കൊണ്ടുവന്ന ശേഷം ഇവിടെ കിടന്നാണ് രാവിലെ കച്ചവടത്തിന് പോയിരുന്നത്.അടുത്ത കാലത്തായി വൈക്കത്ത് ജോലിക്ക് പോകുന്ന ശിവപ്രിയയാണ് സ്കൂട്ടറിൽ മകളെ രാവിലെ അംഗൻവാടിയിൽ എത്തിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച അംഗൻവാടിയിൽ നിന്നും മകളെ ബന്ധുവീട്ടിൽ കൊണ്ടുവിട്ട ശേഷം നിധീഷ് തനിച്ചാണ് മറവൻതുരുത്തിലുള്ള വീട്ടിൽ എത്തിയതും കൃത്യം നടത്തിയതും. മദ്യപിക്കുന്ന ശീലമില്ലാതിരുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു കൊലപാതകം നടത്തിയത്.ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിക്കുള്ളിൽ നിന്നും പോലീസ് കണ്ടെടുത്തു.കോട്ടയത്ത് നിന്നും ഫോറൻസിക്, വിരളടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. ഇരുവരുടെയും സംസ്കാരം ഇന്ന് വൈകിട്ട് വൈക്കം നഗരസഭ സ്മശാനത്തിൽ നടക്കും.

Follow us on :

More in Related News