Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 08:50 IST
Share News :
കൊല്ലം: ക്ലാപ്പന , ഓച്ചിറ, കെ എസ് പുരം എന്നീ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പേവിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായ പ്രദേശവാസികളെയും മൃഗങ്ങളെയും കടിച്ചിരുന്നു. പേ വിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റു എന്ന് സംശയിക്കുന്ന എല്ലാ മൃഗങ്ങളെയും തൊട്ടടുത്തുള്ള മൃഗാശുപത്രികൾ എത്തിച്ചു പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പേവിഷബാധ
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ. പേവിഷബാധ മാരകമാണ്. നായ്ക്കളാണ് പ്രധാന രോഗവാഹികൾ. എന്നാൽ പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ, എലി തുടങ്ങിയവയും രോഗവാഹകരിൽ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു.
രോഗലക്ഷണങ്ങൾ
തലവേദന, ക്ഷീണം, നേരിയ പനി,
കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തരിപ്പുമാണ് പ്രാരംഭലക്ഷണങ്ങൾ. അതിനു ശേഷം വെളിച്ചത്തോടും, വായുവിനോടും, വെള്ളത്തിനോടും ഉള്ള ഭയം പ്രത്യക്ഷമാകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ സാധാരണ ഗതിയിൽ 2-3 മാസം വരെ എടുക്കും എന്നാൽ . ചിലപ്പോൾ ഒരാഴ്ച മുതൽ ഒരു വർഷം വരെ എടുത്തേക്കാം.
പ്രഥമ ശുശ്രൂഷ പ്രധാനം
പച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിട്ട് നന്നായി കഴുകുക. പൈപ്പിൽ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 70 ശതമാനം അണുക്കളും ഇല്ലാതാകുന്നു. കഴുകി വൃത്തിയാക്കിയതിനു ശേഷം ബീറ്റാഡിൻ അയഡിൻ സൊല്യൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. മുറിവ് അമർത്തി കഴുകുകയോ കെട്ടിവയ്ക്കുകയോ ചെയ്യരുത്.
കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ തുടങ്ങിയ പദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത്.
പ്രതിരോധ മാർഗങ്ങൾ
രോഗവാഹകരായ വളർത്ത് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗ പ്രതിരോധത്തിൽ പ്രധാനമാണ്. വളർത്ത് മൃഗങ്ങൾക്ക് 6 മാസം പ്രായമായാൽ ആദ്യ കുത്തിവെപ്പ് എടുക്കാം പിന്നീട് ഓരോ വർഷ ഇടവേളയിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം.
പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ കടിയോ മാന്തലോ, പോറലോ ഏറ്റാൽ കുത്തിവെപ്പ് എടുക്കേണ്ടത് അനിവാര്യമാണ്.
പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (IDRV) ആണ് നൽകുന്നത്. മുറിവിൻ്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെയ്പ്പും നൽകാറുണ്ട്. 0, 3, 7 & 28 ദിവസങ്ങളിൽ ആണ് കുത്തിവെയ്പ്പുകൾ എടുക്കേണ്ടത്. ഐ.ഡി.ആര്‍.വി. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്. യഥാസമയം കുത്തിവെയ്പ്പ് എടുത്താൽ പേവിഷ ബാധ മൂലമുള്ള മരണം തടയാം.ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം. ആദ്യ മൂന്ന് ഡോസുകൾ സമ്പർക്കം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയാൽ മാത്രമേ പൂർണ പ്രതിരോധശേഷി കൈവരികയുള്ളു. ഇമ്മ്യൂണോ ഗ്ലോബുലിൻ എടുക്കുകയാണെങ്കിൽ 72 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ 7 ദിവസത്തിനുള്ളിൽ എടുക്കണം.
പൂർണമായ വാക്സിൻ ഷെഡ്യൂൾ എടുത്ത ആളുകൾക്ക് വാക്സിൻ ഷെഡ്യൂൾ പൂർത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിൽ വാക്സിൻ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കിൽ രണ്ട് ഡോസ് (Do & D3) വാക്സിൻ എടുക്കണം.
പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവെപ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയെട്ടാം ദിവസവും കുത്തിവെപ്പ് എടുക്കേണ്ടതാണ്.
പേവിഷബാധ പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1- മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഇവയ്ക്ക്
കുത്തിവെപ്പ് നൽകേണ്ടതില്ല സോപ്പും ധാരാളം വെള്ളവുമുപയോഗിച്ച് കഴുകുക.
കാറ്റഗറി 2-തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ. പ്രതിരോധ കുത്തിവെപ്പ് എടുക്കണം
കാറ്റഗറി - 3 - രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി. ഇവയ്ക്ക് ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡി ആർ വി ), ഹ്യൂമൻ റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (എച്ച് ആർ ഐ ജി ) എടുക്കണം.
എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്.
നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഡി എം ഓ നിർദ്ദേശിച്ചു.
Follow us on :
More in Related News
Please select your location.