Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീന്‍ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും

16 Oct 2024 13:40 IST

Shafeek cn

Share News :

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സ്വമേധയാ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് പറഞ്ഞു. അതേസമയം നവീന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്.


ദിവ്യയുടെ വീട്ടിലേക്ക് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കും. എന്നാല്‍ വീടിനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുന്നുണ്ട്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വീടിനുമുന്നില്‍ തമ്പടിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയത് ഷോ ഓഫെന്ന് ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഖില്‍ ജി പ്രതികരിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജനപ്രതിനിധി എത്തിയത് തെറ്റെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.


'നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ സദുദ്ദേശപരമല്ല. 100 ശതമാനം നിയമം പാലിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. നവീന്‍ ബാബു തിരിച്ച് പത്തനംതിട്ടയിലേക്ക് വരുന്നതില്‍ ജീവനക്കാര്‍ സന്തോഷിച്ചിരുന്നു', അഖില്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് റവന്യൂ ജീവനക്കാരും പ്രതിഷേധത്തിലാണ്. ജോലിയില്‍ നിന്ന് വിട്ടുനിന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ പ്രതികരിച്ചത്.

Follow us on :

More in Related News