Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാക്ഷ്യമുള്ള വ്യക്തികളും കുടുംബവുമായി ദേശത്ത് പാർക്കുവാൻ നമുക്ക് സാധിക്കണമെന്ന്‌ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ

09 Feb 2025 14:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:സാക്ഷ്യമുള്ള വ്യക്തികളും കുടുംബവുമായി ദേശത്ത് പാർക്കുവാൻ നമുക്ക് സാധിക്കണമെന്ന്‌ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കുറുപ്പന്തറയിൽ നടക്കുന്ന

സി എസ്.ഐ. ഏറ്റുമാനൂർ വൈദീക ജില്ലാ വചനമാരി കൺവെൻഷന്റെ നാലാം ദിവസത്തെ വചന ശുശ്രൂഷയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ദൈവത്തിന്റെ പദ്ധതികളിലേക്ക് നിരന്തരമായി ഒരു മടങ്ങിപ്പോക്ക് ഉണ്ടാകണം. ഇന്നത്തെ കാലഘട്ടത്തിലെ ജീവിത സാഹചര്യത്തിൽ നമ്മൾ തെറ്റിന്റെ വഴിയിലേക്ക് സഞ്ചരിക്കാൻ സാധ്യത കൂടുതലാണ്. അതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചു വരികയാണ്. ആളുകൾ അധാർമികതയ്ക്ക് കീഴ്പ്പെടുന്ന പ്രവണതയാണ് നാം ഇപ്പോൾ കാണുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ജില്ലാ ചെയർമാൻ റവ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആശംസകൾ നേർന്നു സംസാരിച്ചു.കുറുപ്പന്തറയ്ക്ക് എല്ലാവർഷവും ദൈവാനുഗ്രഹമാണ് സിഎസ്ഐ സഭയുടെ വചനമാരി കൺവെൻഷനെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

റവ. ഫിലിപ്പ് ജോൺ, ഇവാഞ്ചലിസ്റ്റ് ഷിബുമോൻ പി എം, കൺവെൻഷൻ ജനറൽ കൺവീനർ നേശമണി, കമ്മറ്റി അംഗം പി.പി ജോൺസൺ എന്നിവർ സംസാരിച്ചു.

ഏറ്റുമാനൂർ വൈദിക ജില്ലയിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ബിഷപ്പ് മെമെന്റോ നൽകി ആദരിച്ചു. വരുംവർഷത്തെ വചനമാരി കൺവെൻഷന്റെ സപ്ലിമെന്റ് പ്രകാശനവും നടന്നു.

ഗായകസംഘത്തിന്റെ ക്വയർ ഗാന ശുശ്രൂഷയോടു കൂടിയാണ് വചനമാരി കൺവെൻഷന്റെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. ഏറ്റുമാനൂർ, കൂത്താട്ടുകുളം, പിറവം, വൈക്കം, മഞ്ചാടിക്കരി, പ്രദേശങ്ങൾ അതിർത്തികളായുള്ള വൈദിക ജില്ലയിലെ 40 സഭകളിൽ നിന്നായി നിരവധി വിശ്വാസികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. യുവജന പ്രസ്ഥാനത്തിന്റെയും,സ്ത്രീ ജനസഖ്യത്തിന്റെയും സ്റ്റാളുകളും കൺവെൻഷൻ മൈതാനിൽ പ്രവർത്തിച്ചു.

Follow us on :

More in Related News