Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 12:37 IST
Share News :
കൊല്ലം: പി.എസ്.സി. കൊല്ലം മേഖലാ ഓഫീസ് നിർമാണത്തിന് തുടക്കമായി. മേഖലാ ഓഫീസും ജില്ലാ ഓഫീസും ഓൺലൈൻ പരീക്ഷാകേന്ദ്രവുമടങ്ങുന്ന കെട്ടിടസമുച്ചയത്തിന്റെ നിർമാണമാണ് തുടങ്ങിയത്.
ഗവ. ടി.ടി.ഐ.ക്ക് സമീപം കൊല്ലം കോർപ്പറേഷൻ അനുവദിച്ച 36 സെന്റ് സ്ഥലത്ത് 41,440 ചതുരശ്രയടി വിസ്തീർണമുള്ള നാലുനിലക്കെട്ടിടമാണ് നിർമിക്കുന്നത്. 12.35 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 36 മാസമാണ് നിർമാണകാലാവധി. 2023 ജൂലായ് 13-നാണ് കെട്ടിടത്തിന് മന്ത്രി കെ.എൻ.ബാലഗോപാൽ തറക്കല്ലിട്ടത്. പിന്നീട് നിർമാണത്തിനായി നിലംകുഴിച്ചപ്പോൾ ഉണ്ടായ വെള്ളക്കെട്ട് ജോലികൾക്ക് തടസ്സമായിരുന്നു. ഇപ്പോൾ വെള്ളക്കെട്ട് മാറ്റി, നിലമൊരുക്കൽ തുടരുകയാണ്. ഇവിടെനിന്നു മാറ്റുന്ന മണ്ണ്, ദേശീയപാത നിർമാണത്തിനായി നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അധികൃതർ കളക്ടറുടെ സഹായം തേടിയിട്ടുണ്ട്. മണ്ണുമാറ്റൽ കഴിഞ്ഞാലേ നിർമാണം പൂർണതോതിൽ ആരംഭിക്കാനാകൂ.
വർഷങ്ങളായി ആണ്ടാമുക്കത്തെ വാടകക്കെട്ടിടത്തിലാണ് പി.എസ്.സി.മേഖലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടത്തെ പരിമിതമായ സൗകര്യങ്ങൾ ജീവനക്കാർക്കും ഉദ്യോഗാർഥികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ മേഖലാ ഓഫീസടക്കമുള്ളവ ഇവിടേക്ക് മാറ്റും. ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ അറുനൂറിലധികംപേർക്ക് ഒരേസമയം പരീക്ഷ എഴുതാൻ കഴിയും. റെയിൽവേ സ്റ്റേഷനിൽനിന്നും ചിന്നക്കട, കോളേജ് ജങ്ഷൻ എന്നിവിടങ്ങളിൽനിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനുമാകും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ പി.എസ്.സി.ഓഫീസുകൾ കൊല്ലം മേഖലാ ഓഫീസിന്റെ നിയന്ത്രണത്തിലാണ്.
Follow us on :
More in Related News
Please select your location.